
ഒട്ടാവ: കാനഡയിലെ ടൊറണ്ടോയിലെ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 30 വയസുകാരനെ പൊലീസ് വെടിവെച്ചുകൊന്നു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവമെന്ന് ഒന്റാറിയോ പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ ഡിപ്പാർചർ ഏരിയയിലായിരുന്നു സംഭവം. വെടിവെപ്പിനെ തുടർന്നുള്ള അന്വേഷണങ്ങളുടെ ഭാഗമായി പിയേഴ്സണ്‍ വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലേക്കുള്ള റോഡും അടച്ചു.
വിമാനത്താവളത്തില്‍ വെച്ച് ഏതാനും പേർക്കിടയില്‍ ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കാനായാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. അല്‍പ നേരം നീണ്ടുനിന്ന പരിഹാര ശ്രമങ്ങള്‍ക്കിടെ യുവാവ് അപ്രതീക്ഷിതമായി തന്റെ കൈയിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്തുവെന്നുമാണ് പൊലീസ് പറയുന്നത്. ഈ സമയം രണ്ട് പൊലീസുകാർ ഇയാള്‍ക്ക് നേരെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതർ പുറത്തുവന്നിട്ടില്ല