മാനന്തവാടി: പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയെന്ന് സൂചന. കടുവയെ കണ്ടെത്തി വെടിവയ്ക്കാനുള്ള ഉത്തരവ് നിലനില്‍ക്കെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസില്‍ നിന്നും വിവരം പുറത്തുവിട്ടു. അതേസമയം, കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു വലിയ മുറിവുകളാണ് കഴുത്തിലുള്ളത്.
കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്താണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് ചത്തതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടപ്പോള്‍ കടുവ അവശനിലയിലായിരുന്നു. ഇതോടെ മയക്കുവെടിയ്ക്ക് തയാറെടുക്കുമ്പോഴേക്കും കടുവ ചത്തിരുന്നു.
കടുവയുടെ ശരീരത്തില്‍ മുറിപ്പാട് എങ്ങനെയുണ്ടായി എന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നു തന്നെ നടത്തും. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.
രാവിലെ 6 മണി മുതല്‍ മേഖലയില്‍ 48 മണിക്കൂര്‍ കര്‍ഫ്യു ആരംഭിച്ചിരുന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധിയാണ്.