
ഹൂസ്റ്റണ്‍ : ഹ്യൂസ്റ്റണിലെ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് മുന്‍ കാമുകിയെ വെടിവെച്ചുകൊന്ന യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. വടക്കുപടിഞ്ഞാറന്‍ ഹ്യൂസ്റ്റണിലെ നോര്‍ത്ത്വെസ്റ്റ് ഫ്രീവേയിലെ കിംഗ് ഡോളര്‍ സ്റ്റോറിനടുത്തുള്ള ഒരു പാര്‍ക്കിംഗ് ലോട്ടിലാണ് വെടിവയ്പ്പ് നടന്നത്. അക്രമിയുടെ പേരൊ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെടിവെപ്പ് നടത്തിയയാള്‍ 27 വയസ്സുള്ള ആളാണെന്ന് അവര്‍ സ്ഥിരീകരിച്ചു, ഇരകളായ രണ്ടുപേരും 20 വയസ്സുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്.
മുന്‍ കാമുകിയെയും അവരുടെ പുതിയ പങ്കാളിയെയും പിന്തുടരുകയായിരുന്ന ആളാണ് വെടിവച്ചതെന്ന് അധികൃതര്‍ പറയുന്നു. തിങ്കളാഴ്ച രാത്രി 9:23 ഓടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് ഹ്യൂസ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതിങ്ങനെ: യുവാവ് അനുമതിയില്ലാത്ത പാര്‍ക്കിംഗ് ലോട്ടില്‍ എത്തി, അവിടെ തന്റെ മുന്‍ കാമുകിയെ ഒരു പുതിയ പുരുഷ സുഹൃത്തിനോടൊപ്പം കണ്ടു. തുടര്‍ന്ന് യുവാവ് പലതവണ വെടിവച്ചു, മാരകമായി പരുക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി. തന്റെ മുന്‍ കാമുകിയുടെ അടുത്തേക്ക് എത്തിയ അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. യുവതിയുടെ സുഹൃത്ത് ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. ഹ്യൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ഇയാളെ അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.