
തിരുവനന്തപുരം: സംസ്ഥാനം വന്യമൃഗ ഭീഷണിയില്‍ കണ്ണീര്‍പൊഴിക്കുന്നു. പാലോട് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടില്‍ ബാബു(54) ആണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. തിങ്കളാഴ്ച രാത്രി ആറുമണിയോടെയാണ് പരിസരവാസികള്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കുളത്തൂപ്പുഴ വനംപരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നീര്‍ച്ചാലിനു സമീപത്തായി മൃതദേഹവും കണ്ടെത്തുകയായിരുന്നു. ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥിരീകരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.