
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു. ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിംഗ് ചർച്ച നടത്തിയിരുന്നു. ബി ജെ പി ദേശീയ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് ഷായുമായുള്ള ചർച്ചക്ക് ശേഷം ബിരേൻ സിംഗ് രാജി പ്രഖ്യാപിച്ചതെന്നാണ് വ്യക്തമാകുന്നത്. മണിപ്പൂരിൽ കലാപം തുടങ്ങിയ കാലം മുതൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യം വിവിധ കോണുകളിൽ ഉയർന്നിരുന്നു. എന്നാൽ ബി ജെ പി ദേശീയ നേതൃത്വം ഇത്രയും കാലം ബിരേൻ സിംഗിനെ പിന്തുണയ്ക്കുകയായിരുന്നു. ഡൽഹിയിലെ വിജയത്തിന് പിന്നാലെയാണ് മണിപ്പൂരിലെ മാറ്റം എന്നതും ശ്രദ്ധേയമാണ്.
മണിപ്പൂരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിംഗാണെന്ന ആരോപണം തുടക്കം മുതലേ ഉയർന്നിരുന്നു. മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നപ്പോഴും മോദിയും അമിത് ഷായും ബീരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് ഇന്ന് നാടകീയമായി രാജി. കോൺഗ്രസ് നാളെ അവിശ്വാസ പ്രമേയം ബിരൻ സർക്കാരിനെതിരെ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. നീക്കത്തിന് ഭരണകക്ഷി എംഎൽഎമാരിൽ നിന്നും പിന്തുണ ലഭിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാർട്ടി കേന്ദ്ര നേതൃത്വം തിടുക്കത്തിൽ രാജിക്കുള്ള നിർദ്ദേശം നൽകിയതെന്നാണ് വ്യക്തമാകുന്നത്.