ബിരേൻ സിംഗ് കാവൽ മുഖ്യമന്ത്രിയായി തുടരും, മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്കോ? പുതിയ സർക്കാർ രൂപീകരിക്കാനും ബിജെപി നീക്കം

ദില്ലി: മണിപ്പൂർ കലാപം തുടങ്ങി രണ്ട് വർഷം ആകാറായപ്പോൾ മുഖ്യമന്ത്രി പദം എൻ ബിരേൻ സിംഗ് രാജിവെച്ചതോടെ മണിപ്പൂരിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേർപ്പെടുത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നതെങ്കിൽ ബി ജെ പി പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരം. മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ ഗവർണർ നിയമസഭ മരവിപ്പിച്ചിരുന്നു. ഇന്ന് രാജ്യതലസ്ഥാനത്തെത്തുന്ന ഗവർണർ അജയ് ഭല്ല ഇതുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കൂടിക്കാഴ്ചകൾ നടത്തും. ഇതിന് ശേഷമാകും രാഷ്ട്രപതി ഭരണം വേണോ, പുതിയ സർക്കാർ രൂപീകരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

ബിരേൻ സിംഗിന്‍റെ രാജിക്ക് പിന്നാലെ തന്നെ ബി ജെ പി മണിപ്പൂരിൽ പുതിയ സർക്കാരിന് നീക്കം തുടങ്ങിയിരുന്നു. ബി ജെ പി എം എൽ എമാരുടെ യോഗം ചേരാനുള്ള നീക്കത്തിലാണ്. സംബിത് പാത്ര എം പി രണ്ട് തവണ ഗവർണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിന് ഉടൻ ഗവർണറുടെ ശുപാർശ ഉണ്ടാകില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കാവൽ മുഖ്യമന്ത്രിയായി ബീരേൻ സിംഗിനോട് തുടരാനും ഗവർണർ നിർദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് പറക്കുന്നതിന് മുന്നേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്.

More Stories from this section

family-dental
witywide