ഡൊഡൊമ: റുവാണ്ടയിൽ ഭീതിവിതച്ച മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും റിപ്പോർട്ട് ചെയ്തു. വടക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ മാർബർഗ് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഒൻപത് പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. റുവാണ്ടയിൽ രോഗം ബാധിച്ച് 15 പേർ മരിച്ചിരുന്നു. പിന്നാലെയാണ് ഭീതി പരത്തി ടാൻസാനിയയിലും റിപ്പോർട്ട് ചെയ്തത്. കഗേര മേഖലയിൽ മാർബർഗ് വൈറസിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡബ്ള്യുഎച്ച്ഒ വ്യക്തമാക്കി.
ജനുവരി 10നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത തലവേദന, പനി, നടുവേദന, വയറിളക്കം, രക്തം ഛർദ്ദിക്കൽ, പേശികളുടെ ബലഹീനത, ബാഹ്യ രക്തസ്രാവം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. വളരെ ഉയർന്ന മരണനിരക്കുള്ള വൈറസ് ബാധയാണ് മാർബർഗ്. ബാധയേറ്റാൽ 88 ശതമാനമാണ് മരണനിരക്ക്. പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസ് വ്യാപനം നടക്കുക. ഒരാൾക്ക് ഈ വൈറസ് ബാധയുണ്ടായാൽ രണ്ട് മുതല്‍ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
Marburg Virus reported in Tanzania