
മുംബൈ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഡോണൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണിക്ക് പിന്നാലെ തുടങ്ങിയ ഇന്ത്യൻ വിപണിയുടെ തകർച്ചക്ക് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ബിഎസ്ഇ സെന്‍സെക്‌സ് 548 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി.
യുഎസ് താരിഫ് ഭീഷണി അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്കിങ്, മെറ്റല്‍, എണ്ണ ഓഹരികളാണ് പ്രധാനമായി വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 750ലധികം പോയിന്റ് ഇടിഞ്ഞ ശേഷമാണ് 548 പോയിന്റ് നഷ്ടത്തോടെ 77,311ല്‍ ക്ലോസ് ചെയ്തത്. നിഫ്റ്റി 178 പോയിന്റാണ് താഴ്ന്നത്. ട്രെന്‍ഡ്, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, സൊമാറ്റോ, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ് കമ്പനികള്‍ നേട്ടം ഉണ്ടാക്കി.യുഎസ് താരിഫ് ഭീഷണിയാണ് വിപണിയെ സ്വാധീനിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിനെ തുടര്‍ന്ന് നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.