
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്‍റെ മദ്യ നയത്തിനും എലപ്പുള്ളിയിലെ മദ്യ പ്ലാന്‍റിനും മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയുടെ രൂക്ഷ വിമർശനം. മാമാരൺ കൺവെൻഷൻ ഉദ്ഘാടന വേദിയിലാണ് സർക്കാരിന്റെ ഇടപെടലുകളെ ശക്തമായി വിമർശിച്ചു മാർത്തോമ്മ സഭാധ്യക്ഷൻ രംഗത്തെത്തിയത്. പൊലീസ് ഇടപെടലിൽ തുടങ്ങി മദ്യ നയത്തിൽ വരെ സർക്കാരിന് പിടിപ്പുകേടെന്ന് തുറന്നടിച്ച തിയഡോഷ്യസ് മാർത്തോമ്മ മെത്രാപോലിത്ത, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ പങ്കെടുത്ത് ലഹരിക്കെതിരായ പോരാട്ടം കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്ന് ആഹ്വാനം ചെയ്ത ആര്‍എസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ വാക്കുകൾ എടുത്ത് പറഞ്ഞ് ശരിവയ്ക്കുകയും ചെയ്തു.
സമൂഹത്തെ മദ്യത്തിൽ മുക്കുന്ന നീക്കമാണ് എലപ്പുള്ളിയിലെ മദ്യ പ്ലാന്‍റെന്നാണ് മാർത്തോമ സഭ പരമാധ്യക്ഷൻ പറഞ്ഞത്. മദ്യത്തിൽ മുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാൽ അത് നാടിനെ സർവ്വനാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. പൊലീസ് ജനങ്ങളുടെ സംരക്ഷരാണെന്ന കാര്യം മറക്കരുതെന്നായിരുന്നുവെന്നാണ് പത്തനംതിട്ടയിലെ പൊലീസ് അതിക്രമത്തിലെ വിമർശനം. പത്തനംതിട്ടയിൽ നടന്നത് പൊലീസിന്‍റെ നര നായാട്ടെന്നും മാർത്തോമാ സഭ അധ്യക്ഷൻ വിമർശിച്ചു. പൊലീസ് ജനങ്ങളുടെ സംരക്ഷകർ ആണ് എന്നത് മറക്കരുത്. സാമൂഹ്യമാധ്യമയിടങ്ങൾ സത്യത്തിന്റെ കുരുതിക്കളമാകുന്നു. ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു. അക്രമവാസനയും രാഷ്ട്രീയ വിധേയത്വം അല്ല പൊലീസിനെ നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിലും മാർത്തോമാ സഭ അധ്യക്ഷൻ സർക്കാരിനെതിരെ ചോദ്യങ്ങളുന്നയിച്ചു. സർകാരിന് നേതൃത്വം നൽകുന്നവർ നീതിബോധം കൈ വിടരുതെന്നും ആ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന്‍റെ കാര്യത്തിൽ സർക്കാർ കൂടുതൽ ഇച്ഛാ ശക്തി കാണിക്കണമെന്നും വന്യ ജീവി ആക്രമണം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവികൾക്ക്ക്ക് കാട്ടിൽ തന്നെ ഭക്ഷണം ഒരുക്കണമെന്നും മാർത്തോമാ സഭ അധ്യക്ഷൻ ചൂണ്ടികാട്ടി.