
വാഷിങ്ടൺ: കാലിഫോർണിയെയും ലോസ് ആഞ്ചലസിനെയും വിഴുങ്ങിയ കാട്ടുതീയിൽ ദുരന്തബാധിതർക്ക് നൽകിയ ധനസഹായം കുറഞ്ഞുപോയതിൽ യുഎസ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം. അഗ്നിബാധയ്ക്കിരയായ ഓരോ കുടുംബത്തിനും ഒറ്റത്തവണ ധനസഹായമായി 770 ഡോളർ (66,664 രൂപ) വീതമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്.
അടുത്ത ആറു മാസത്തേക്ക് ലോസ് ആഞ്ചലസിലെ ദുരന്തനിവാരണ ചെലവുകൾ പൂർണമായും ഫെഡറൽ സർക്കാർ വഹിക്കുമെന്നും മറ്റു കാര്യങ്ങളിൽ കാലിഫോർണിയ സംസ്ഥാനവുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും ബൈഡൻ അറിയിച്ചു. എന്നാൽ, ദുരന്തബാധിതർക്ക് ഫെഡറൽ ഭരണകൂടം അനുവദിച്ച ധനസഹായം വളരെ കുറവാണെന്നാരോപിച്ച് നിരവധി പേർ രംഗത്തുവന്നു.
യുക്രൈൻ, ഇസ്രായേൽ തുടങ്ങിയ വിദേശ രാജ്യങ്ങൾക്ക് യു.എസ് ഭരണകൂടം അനുവദിച്ച തുകയേക്കാൾ വളരെക്കുറച്ച്, നാമമാത്രമായിട്ടാണ് സ്വന്തം രാജ്യത്തെ ദുരന്തബാധിതർക്ക് നൽകിയതെന്ന് വിമർശനമുയർന്നു. കാലിഫോർണിയയിലെ അഗ്നിബാധയുടെ ഇരകൾക്ക് 770 ഡോളർ വീതമാണ് ലഭിക്കാൻ പോകുന്നത്. ബൈഡൻ 800 കോടി ഡോളറാണ് ഇസ്രായേലിന് അയക്കുന്നത്. 2023 ഡിസംബറിലെ കണക്കുപ്രകാരം ഇസ്രായേലിലെ ജനസംഖ്യ ഏതാണ്ട് 9,842,000 ആണ്. 800 കോടിയെ ഇസ്രായേലിലെ ഓരോ വ്യക്തിക്കുമായി വീതിച്ചാൽ ഓരോരുത്തർക്കും 813.10 ഡോളർ ലഭിക്കുമെന്ന് ഒരാൾ എക്സിൽ കുറിച്ചു.
യുക്രൈന് അമേരിക്ക 175 ബില്ല്യൺ (17,500 കോടി) ഡോളർ ധനസഹായം അനുവദിച്ചു. ഇസ്രായേലിന് ഓരോ വർഷവും ശതകോടിക്കണക്കിന് ഡോളർ ധനസഹായമായും സൈനിക സഹായമായും നൽകുന്ന അമേരിക്ക 2023 ഒക്ടോബർ ഏഴിനു ശേഷം പ്രത്യേക നിയമനിർമാണം വഴി സഹായം ഊർജിതമാക്കിയെന്നും വിമർശനങ്ങളുയർന്നു.
Mass criticism against US govt on cheap financial aid for wildfire victims