
കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഇത് പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും നോട്ടിസ് അയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു . ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലെ പേരുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അന്വേഷണം പൂർത്തിയാക്കി എസ്.എഫ്.ഐ.ഒ റിപ്പോർട്ട് സമർപ്പിച്ചു എന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
നേരത്തെ എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ക്കെതിരായി സി.എം.ആര്‍.എല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബൈഞ്ച് ഫയലില്‍ സ്വീകരിച്ചിരുന്നു. പ്രതികള്‍ക്ക് സമന്‍സ് അയ്ക്കുന്നത് അടക്കമുള്ള കേസിലെ തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് സി.എം.ആര്‍.എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കമ്പനി നിയമപ്രകാരമാണ് എസ്.എഫ്.ഐ.ഒ നടപടികളെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സി.എം.ആര്‍.എല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.