ചെങ്കടലില്‍ കപ്പലുകളെ ആക്രമിച്ച ഹൂതികളെ വിറപ്പിക്കാന്‍ ട്രംപ്: യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വ്യാപക ആക്രമണം, 15 മരണം; ഇറാനും മുന്നറിയിപ്പ്

വാഷിങ്ടന്‍ : ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിച്ച് യുഎസ്. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വന്‍ ആക്രമണത്തിനു തുടക്കമിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ചെങ്കടലിലെ കപ്പലാക്രമണങ്ങള്‍ ഹൂതികള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തമാണു കാത്തിരിക്കുന്നതെന്നും ട്രംപ് ഹൂതികള്‍ക്കു മുന്നറിയിപ്പ് നല്‍കി.

യെമന്‍ തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്നും ഒന്‍പതു പേര്‍ക്കു പരുക്കേറ്റെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.

ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു. യുഎസിനെ ഇറാന്‍ ഭീഷണിപ്പെടുത്തിയാല്‍ തുടര്‍ന്നുള്ള ഭവിഷ്യത്തുകള്‍ക്ക് ഇറാന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ട്രംപ് വ്യക്തമാക്കി.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതിയുടെ വിശദീകരണം. 2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

More Stories from this section

family-dental
witywide