
കൊച്ചി: എറണാകുളം കാക്കനാട് ആക്രി കടയ്ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയിണക്കാന്‍ ശ്രമിക്കുന്നു. തീ വളരെ വേഗത്തില്‍ വ്യാപിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആക്രിക്കട ആയതിനാല്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ നിരവധിയുണ്ടാകുമെന്നതിനാല്‍ തീ അണയ്ക്കാന്‍ സമയമെടുക്കും. വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്.
കടയില്‍ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരന്‍ ഉണ്ടായിരുന്നുവെന്നും ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായും വിവരമുണ്ട്. ആര്‍ക്കും അപകടമുണ്ടായതായി നിലവില്‍ വിവരമില്ല. തൃക്കാക്കരയിലെ ഫയര്‍ യുണീറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ തീ പടര്‍ന്ന് പിടിക്കുന്നതിനാല്‍ അതിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.
തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വെല്‍ഡിങ്ങിനിടെയുണ്ടായ തീപിടുത്തമെന്ന് സംശയമുണ്ട്. സമീപത്ത് വീടുകളുണ്ട്. നാട്ടുകാര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സമീപത്തെ തെങ്ങുകളിലേക്ക് ഉള്‍പ്പെടെ തീ പടര്‍ന്നിട്ടുണ്ട്.