അനന്തു കൃഷ്ണനില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല; പാതി വില തട്ടിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ തെറ്റെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണനില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഇതു വരെ തന്റെ പേര് മൊഴിയില്‍ ഇല്ലെന്നാണ് പോലീസ് പറഞ്ഞത്. ഒരു അടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെയുള്ള വാര്‍ത്തയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് പോലീസ് കസ്റ്റഡിയിലുള്ള അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎല്‍എയ്ക്ക് ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാന്‍സിസ് ജോര്‍ജിന് 10 ലക്ഷം രൂപ, മൂവാറ്റുപുഴയിലെ യുവ കോണ്‍ഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നല്‍കി എന്നിങ്ങനെയാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്. മാത്യു കുഴല്‍നാടന് പണം ബാങ്ക് വഴി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പണമായി കൈമാറിയാല്‍ മതിയെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.

More Stories from this section

family-dental
witywide