
ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് തള്ളിക്കൊണ്ട് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷമേ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നുള്ള രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പാണ് കേന്ദ്രം തള്ളിയത്. നാളെ വിരമിക്കുന്ന രാജീവ് കുമാറിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി പ്രധാനമന്ത്രിയും കേന്ദ്ര നിയമമന്ത്രിയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്താണ് രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിച്ചത്.
1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ഗ്യാനേഷ് കുമാറിന്‍റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസർക്കാർ പുറത്തിറക്കിയേക്കും. നാളെ രാജീവ് കുമാർ വിരമിക്കുമ്പോൾ തന്നെ ഗ്യാനേഷ് ചുമതലയേൽക്കാനാണ് സാധ്യത.
അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്നതില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാൽപര്യ ഹര്‍ജി ബുധനാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. രാജീവ് കുമാറിനു ശേഷം ഏറ്റവും മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്ന നിലയിലാണ് ഗ്യാനേഷ് കുമാറിന് ചുമതല നൽകുന്നതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.