
ബ്രസൽസ്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബെൽജിയത്തിൽ അറസ്റ്റിലായ രത്ന വ്യാപാരി മെഹുൽ ചോക്സി, ഇന്ത്യക്ക് കൈമാറുന്നത് തടയാനായി അതിവേഗ നീക്കം തുടങ്ങി. രക്താർബുദത്തിന് ചികിത്സയിലാണെന്നും റേഡിയേഷൻ നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ചോക്സി ബെൽജിയം കോടതയിൽ ജാമ്യത്തിന് അപേക്ഷ നൽകി. ചോക്സിയെ കൈമാറണമെന്നുള്ള അപേക്ഷ ബെൽജിയം കോടതിയിൽ ഇന്ത്യ നൽകിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്.
നേരത്തെ ഏപ്രിൽ 12 നാണ് ചോക്സിയെ അറസ്റ്റ് ചെയ്തതെന്ന് ബെൽജിയം സ്ഥിരീകരിച്ചിരുന്നു. ചോക്സിക്ക് വേണ്ട നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ബെൽജിയം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പതിമൂവായിരത്തി അഞ്ഞൂറ് കോടി രൂപ വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസിലാണ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം മെഹുൽ ചോക്സിയെ ബെൽജിയം അറസ്റ്റ് ചെയ്തത്. ചോക്സിയുടെ വാറണ്ട് ഇൻറർ പോളിന് നേരത്തെ ഇന്ത്യ കൈമാറിയിരുന്നു. കരീബിയൻ ദ്വീപായ ആൻറിഗയിൽ കഴിഞ്ഞിരുന്ന മെഹുൽ ചോക്സി ചികിത്സയ്ക്കായി കഴിഞ്ഞ സെപ്തംബറിൽ യൂറോപ്പിലെത്തിയതായി ഇന്ത്യയ്ക്ക് വിവരം കിട്ടിയിരുന്നു. ചോക്സിയെ അറസ്റ്റു ചെയ്യാനുള്ള രണ്ട് വാറണ്ടുകൾ ഇന്ത്യ യൂറോപ്യൻ രാജ്യങ്ങൾക്ക് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോക്സിയെ ബൽജിയം അറസ്റ്റ് ചെയ്തത്. ബൽജിയത്തിൽ ചോക്സി അറസ്റ്റിലായത് മോദി സർക്കാരിന് നേട്ടമാണെങ്കിലും കൈമാറ്റത്തിനുള്ള നിയമനടപടികൾ നീളാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകൾ.