
വാഷിങ്ടന്‍: യെമനിലെ ഹൂതികള്‍ക്കെതിരായ യുഎസ് സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പില്‍ അബദ്ധത്തില്‍ മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ഗ്രൂപ്പ് നിര്‍മിച്ചത് താനാണെന്നും മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു. എല്ലാം ഏകോപിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ ജോലിയെന്നും മൈക്ക് വാള്‍ട്ട്‌സ് കൂട്ടിച്ചേര്‍ത്തു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ സൈനിക പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്. ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയ വിവരം ദ അറ്റ്‌ലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗാണ് വെളിപ്പെടുത്തിയത്. ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരക്ഷാ ലംഘനത്തെ കുറിച്ച് മൈക്ക് വാള്‍ട്ട്‌സിന്റെ കുറ്റസമ്മതം.
‘ഹൂതി പിസി സ്‌മോള്‍ ഗ്രൂപ്പ്’ എന്ന സമൂഹമാധ്യമ ഗ്രൂപ്പില്‍ ചേരാന്‍ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോള്‍ഡ്ബര്‍ഗ് തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.