വിന്‍ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത് ; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാന്‍

കൊച്ചി : സിനിമാ ചിത്രീകരണത്തിനിടയില്‍ ലഹരി ഉപയോഗിച്ച് നടന്‍ മോശമായി പെരുമാറിയെന്ന നടി വിന്‍ സി അലോഷ്യസിന്റെ പരാതിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

വിന്‍ സിയുടെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂര്‍വ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്നും മന്ത്രി വാര്‍ത്താക്കുറുപ്പിലൂടെ അറിയിച്ചു.

ഇത്തരം മോശം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ലെന്നും പറഞ്ഞ മന്ത്രി രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖലയെന്നും അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഉത്തരവാദികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച വിഷയങ്ങള്‍ നേരത്തെ ഉയര്‍ന്നു വന്നപ്പോള്‍ സിനിമ സംഘടനകളുടെ യോഗം ചേരുകയും സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകള്‍ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇനി നടക്കാന്‍ പോകുന്ന സിനിമ കോണ്‍ക്ലേവിലും ഈ വിഷയം ചര്‍ച്ച ചെയ്യും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

More Stories from this section

family-dental
witywide