
താനൂര്‍: ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. കേരള പൊലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികൾ സുരക്ഷിതരാണെന്നും പൂനെ ആർ.പി.എഫ്. ഓഫിസിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്ന് പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച താനൂർ ഡി.വൈ.എസ്.പി. പറഞ്ഞു.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പൊലീസിന് വിവരം ലഭിച്ചത്. യുവാവ് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു.
പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ വിവരം മഹാരാഷ്ട്ര പൊലീസിനും മലയാളി സമാജത്തിനും കേരള പൊലീസ് കൈമാറിയിരുന്നു. പൊലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ അവിടെ നിന്നു പോയതായി ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. രണ്ടുപേരും മാസ്‌ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിലെത്തിയതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞതെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പാര്‍ലറില്‍നിന്ന് പോയി.
നേത്രാവതി എക്സ്പ്രസിൽ പൻവേലിൽ ഇറങ്ങിയ പെൺകുട്ടികൾ അവിടെനിന്ന് ലോക്കൽ ട്രെയിനിൽ ഛത്രപതി ശിവാജി മഹാരാജ് െടർമിനസിനു സമീപം എത്തുകയായിരുന്നു.
Missing Plus Two students from Tanur found at Mumbai Lonavala railway station