
ദില്ലി: കാത്തുകാത്തിരുന്ന് 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിലെ അധികാരം ബി ജെ പി പിടിച്ചെടുത്തതിന് പിന്നാലെ നേതാക്കൾ പ്രഖ്യാപനവും തുടങ്ങി. ഭരണം നേടിയതിന് പിന്നാലെ പേര് മാറ്റൽ പ്രഖ്യാപനവുമായി ബി ജെ പി നേതാവായ നിയുക്ത എം എൽ എ മോഹൻ സിംഗ് ബിഷ്താണ് രംഗത്തത്തിയത്. മുസ്തഫബാദ് മണ്ഡലത്തിൻ്റെ പേര് മാറ്റുമെന്നാണ് മോഹൻ സിംഗ് പ്രഖ്യാപിച്ചത്. മുസ്തഫാബാദ് എന്ന പേര് മാറ്റി ശിവപുരിയെന്നാക്കി മാറ്റുമെന്നും ബി ജെ പി നേതാവ് വ്യക്തമാക്കി.
മുസ്ലീം ഭൂരിപക്ഷമുള്ള മുസ്തഫാബാദിൽ വിജയിച്ചതിന് പിന്നാലെയാണ് മോഹൻ സിംഗ് ബിഷ്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൽഹി നിയമസഭാ സ്പീക്കറാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ് ബിഷ്ത്.
മോഹൻ സിംഗ് ബിഷ്ത് 17,578 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2020 ലെ ഡൽഹി കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ, 53 പേർക്ക് ജീവൻ നഷ്ടപ്പെട്ട മുസ്തഫാബാദ് സീറ്റിൽ നിന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 67 കാരനായ നേതാവ് 85,215 വോട്ടുകൾ നേടിയാണ് വിജയിച്ചത്.