“മോദിസർക്കാരിനെ ഫാസിസ്‌റ്റെന്നു പറയാനാവില്ല”: സിപിഎം രഹസ്യരേഖ

തിരുവനന്തപുരം: മോദിസർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാടുമായി സിപിഎം. കരടു രാഷ്ട്രീയപ്രമേയത്തിൽ വ്യക്തതവരുത്തി സിപിഎം കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റികൾക്ക് അയച്ച രഹസ്യരേഖയിലാണ് ഈ വിലയിരുത്തൽ.

മോദിസർക്കാരിനെ ഫാസിസ്‌റ്റെന്നു പറയാനാവില്ല. ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല. പത്തുവർഷത്തെ തുടർച്ചയായുള്ള മോദി ഭരണത്തിൽ രാഷ്ട്രീയാധികാരം ബിജെപി – ആർഎസ്എസ് കരങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടു. ഈ കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കിൽ ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകും. ‘നവഫാസിസ്റ്റ് സ്വഭാവം’ എന്നതിനർഥം അതൊരു നവഫാസിസ്റ്റ് സർക്കാരായോ രാഷ്ട്രീയസംവിധാനമായോ വികസിച്ചെന്നല്ല.

സിപിഐ മോദിസർക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്നു വിശേഷിപ്പിച്ചപ്പോൾ ഇന്ത്യൻ ഫാസിസം വന്നുകഴിഞ്ഞെന്ന് സിപിഐ (എംഎൽ) നിലപാടെടുത്തു. ഇതു രണ്ടിനെയും തള്ളിയാണ് സി.പി.എം. നിലപാടെന്ന്.

മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് ‘ക്ലാസിക്കൽ ഫാസിസ’മെന്നും പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിർവചനം. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കൽ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് വിശേഷണം. ഏപ്രിലിൽ മധുരയിൽനടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി കരടുരാഷ്ട്രീയപ്രമേയം പരസ്യമാക്കിക്കഴിഞ്ഞു.

Modi government cannot be called fascist CPM changes its policy

More Stories from this section

family-dental
witywide