മോദി സൗദിയില്‍, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയില്‍ ; കശ്മീരില്‍ ആക്രമണത്തിനായി തിരഞ്ഞെടുത്തത് ഈ ദിനം

ന്യൂഡല്‍ഹി : ഇരുപത്തിയെട്ടോളം പേരുടെ ജീവന്‍ കവര്‍ന്ന കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ഭീകരര്‍ തിരഞ്ഞെടുത്തത് നിര്‍ണായക ദിനം. പ്രധാനമന്ത്രി മോദി സൗദി അറേബ്യ സന്ദര്‍ശിക്കുകയും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയിലായിരിക്കുകയും ചെയ്ത സമയത്താണ് ആക്രമണം നടന്നത്.

സൗദി അറേബ്യയിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തും. സൗദി അറേബ്യ ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു അദ്ദേഹം. ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തുന്ന പ്രധാനമന്ത്രി കശ്മീരിലെ സ്ഥിതിഗതികള്‍ നിരന്തരം ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മനസിലാക്കുന്നുണ്ട്.

ആക്രമണത്തെ ശക്തമായി അപലപിച്ച അദ്ദേഹം, സര്‍ക്കാരിന്റെ ‘ഭീകരതയ്ക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയം ഇളക്കമില്ലാത്തതാണെന്നും അത് കൂടുതല്‍ ശക്തമാകുമെന്നും’ പറഞ്ഞു. ‘അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബത്തോടൊപ്പം ഇന്ത്യയിലുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഇന്ത്യയുടെ ദുഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

”ഇന്ത്യയിലെ പഹല്‍ഗാമില്‍ നടന്ന വിനാശകരമായ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഉഷയും ഞാനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സൗന്ദര്യത്തില്‍ ഞങ്ങള്‍ മതിമറന്നു. ഈ ഭീകരമായ ആക്രമണത്തില്‍ അവര്‍ ദുഃഖിക്കുമ്പോള്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അവരോടൊപ്പമുണ്ട്”-വാന്‍സ് എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷാ വാന്‍സിനും കുട്ടികള്‍ക്കുമൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലേക്കെത്തിയത്.

‘അഗാധമായി അസ്വസ്ഥമാക്കുന്ന’ കശ്മീര്‍ ആക്രമണത്തിന് ശേഷം അമേരിക്ക ഇന്ത്യയ്ക്കൊപ്പം ‘ശക്തമായി നിലകൊള്ളുന്നു’ എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. അനുശോചനം അറിയിക്കാന്‍ ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു.

ആക്രമണത്തിന് തൊട്ടുപിന്നാലെ, അമിത് ഷാ ഡല്‍ഹിയിലെ തന്റെ വസതിയില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ ദേക, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു. സിആര്‍പിഎഫ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ്, ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ചില സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും അമിത് ഷാ സംസാരിച്ചു.

അതേസമയം, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിട്ടുണ്ട്. ഈ സംഘടന നേരത്തെ തന്നെ നിരോധിക്കപ്പെതാണ്. 2019 ഒക്ടോബറിൽ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ടിആർഎഫ് രൂപം കൊണ്ടത്. പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ സംഘടന ലഷ്കർ- ഇ- തൊയ്ബയാണ് ടിആർഎഫ് സ്ഥാപിച്ചത് എന്നും, അവരുടെ ശാഖയാണ് ടിആർഎഫ് എന്നുമാണ് കേന്ദ്രത്തിൻ്റെ കണ്ടെത്തൽ. ഇവർ ഹിസ്ബുൾ മുജാഹിദീനും മറ്റ് നിരോധിത സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

More Stories from this section

family-dental
witywide