
വാഷിംഗ്ടണ്‍ : വ്യാഴാഴ്ച യുഎസ് പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസായ ബ്ലെയര്‍ ഹൗസില്‍ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനായ വിവേക് രാമസ്വാമിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് ബന്ധങ്ങള്‍, നവീകരണം, ബയോടെക്‌നോളജി, ഭാവി രൂപപ്പെടുത്തുന്നതില്‍ സംരംഭകത്വത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. വിവേകിനൊപ്പം ഭാര്യാപിതാവും മോദിയെ കാണാന്‍ എത്തിയിരുന്നു.
Met Mr. @VivekGRamaswamy and his father-in-law in Washington DC. We talked about diverse issues including innovation, culture and more. pic.twitter.com/1yC34x5DFX
— Narendra Modi (@narendramodi) February 13, 2025
പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഒരു ‘ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ച’ എന്നാണ് വിദേശകാര്യ മന്ത്രാലയം ഇരുവരുടേയും കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന സഹകരണം എടുത്തുകാണിച്ചായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ച രാമസ്വാമി, 2026 ലെ ഒഹായോ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (DOGE) ന്റെ ഭാഗമാകാന്‍ വിവേക് രാമസ്വാമിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു.
നേരത്തെ, ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, ഊര്‍ജ്ജം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി മോദി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌കിനെ കണ്ടിരുന്നു. പുതുതായി സ്ഥാപിതമായ ഡോജിനെ നയിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം നിയമിച്ച മസ്‌ക്, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പമാണ് ബ്ലെയര്‍ ഹൗസില്‍ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയത്.