ശ്രീലങ്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം മോദിക്ക്, 140 കോടി ഇന്ത്യക്കാര്‍ക്കുമുള്ള ബഹുമതിയെന്ന് പ്രതികരണം, മോദിക്ക് ഇത് 22-ാം അന്താരാഷ്ട്ര പുരസ്‌കാരം

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ മിത്ര വിഭൂഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതുവായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെ ആദരിച്ചുകൊണ്ടാണ് പുരസ്‌കാരം ലഭിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേയാണ് പുരസ്‌കാരം പ്രധാനമന്ത്രി മോദിക്ക് നല്‍കിയത്. ഒരു വിദേശ രാജ്യം പ്രധാനമന്ത്രി മോദിക്ക് നല്‍കുന്ന 22-ാമത് അന്താരാഷ്ട്ര അംഗീകാരമാണിത്.

‘ശ്രീലങ്കയിലെ പരമോന്നത ബഹുമതിയായ ശ്രീലങ്ക മിത്ര വിഭൂഷണം അദ്ദേഹത്തിന് (പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്) നല്‍കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി മോദി ഈ ബഹുമതിക്ക് അത്യധികം അര്‍ഹനാണ്; അതാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്,’ – അനുര കുമാര ദിസനായകേ പറഞ്ഞു.

പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്, അഭിമാനമെന്ന് മോദി പ്രതികരിച്ചു. ശ്രീലങ്ക മിത്ര വിഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത് എനിക്ക് മാത്രമല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്കും ഒരു ബഹുമതിയാണെന്നും മോദി പറഞ്ഞു. ശ്രീലങ്കയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും ആഴത്തിലുള്ള സൗഹൃദത്തെയും ഇത് വ്യക്തമാക്കുന്നുവെന്നും പ്രസിഡന്റിനും ശ്രീലങ്കന്‍ സര്‍ക്കാരിനും ഇവിടുത്തെ ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം 2008 ല്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി മോദിയെ കൂടാതെ മറ്റ് മൂന്ന് നേതാക്കള്‍ക്ക് മാത്രമേ ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളൂ. മാലിദ്വീപ് മുന്‍ പ്രസിഡന്റ് മൗമൂണ്‍ അബ്ദുള്‍ ഗയൂം, പലസ്തീന്‍ സംസ്ഥാന പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് എന്നിവരാണ് മുമ്പ് ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ശ്രീലങ്കയിലെത്തിയത്. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കന്‍ തലസ്ഥാനത്തേക്ക് എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം.

ഊര്‍ജ്ജം, വ്യാപാരം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷന്‍, പ്രതിരോധം എന്നീ മേഖലകളിലാകെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് യാത്രയുടെ മുഖ്യ അജണ്ഡയെന്നാണ് റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide