
കാനഡ: അമേരിക്കൻ ശത കോടീശ്വരൻ ഇലോൺ മസ്കിന്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പാർലമെന്ററി പെറ്റീഷനിൽ 150000ൽ അധികം കനേഡിയൻ പൗരൻമാർ ഒപ്പു വച്ചു. സ്വതന്ത്ര രാഷ്ട്രമായ കാനഡയെ തങ്ങളുടെ 51-ാമത്തെ രാജ്യമായി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന ഡോണൾഡ് ട്രംപുമായുള്ള സഹകരണമാണ് മസ്കിനെതിരെയുള്ള കാനഡക്കാരുടെ നിലപാടിന് കാരണം.
ന്യൂ ഡെമോക്രാറ്റ് പാർലമെന്ററി അംഗവും മസ്‌കിന്റെ കടുത്ത വിമര്‍ശകനുമായ ചാർലി ആംഗസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡാണ് കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ഹർജി സമർപ്പിച്ചത്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്കിന് കനേഡിയൻ പ്രവിശ്യയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിൽ ജനിച്ച മാതാവിൽ നിന്നാണ് കനേഡിയൻ പൗരത്വം ലഭിക്കുന്നത്.
ജനുവരി 20 ന് യുഎസ് പ്രസിഡന്റ് പദവിയിലെത്തിയ ട്രംപിന്റെ നിർദേശ പ്രകാരം കാനഡയുടെ പരമാധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് മസ്കാണ് നേതൃത്വം നൽകുന്നത്. ട്രംപിന്റെ ഉപദേശകൻ എന്ന നിലയില്‍ പ്രവര്‍ത്തിച്ച് കാനഡയുടെ ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് മസക് നടത്തുന്നതെന്നാണ് പെറ്റീഷനില്‍ പറയുന്നത്.