![](https://www.nrireporter.com/wp-content/uploads/2025/02/us-deportation-1.jpg)
ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്ക നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു. തിരികെ എത്തിയവരെ കൈകാലുകളില്‍ വിലങ്ങും ചങ്ങലയും അണിയിച്ച് കൊണ്ടുവന്നതില്‍ രാജ്യത്തിനകത്തു നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുടേതെന്ന രീതിയില്‍ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ മിക്കതും തെറ്റായി പ്രചരിപ്പിക്കപ്പെടുന്നവയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
![](https://www.nrireporter.com/wp-content/uploads/2025/02/pic-1-1024x576.jpg)
‘സ്വാതന്ത്ര്യത്തിന്റെ നാട്ടില്‍’ നിന്ന് നാടുകടത്തപ്പെട്ട കുടിയേറ്റ ഇന്ത്യക്കാരുടെ ദൃശ്യമാണിത്. അവരെ കൈകള്‍ ബന്ധിച്ചിരിക്കുന്നു, കാലുകളില്‍ ചങ്ങലകളുണ്ട്. …’ കൈകള്‍ ബന്ധിച്ചിരിക്കുന്ന ആളുകള്‍ വിമാനത്തില്‍ ഇരിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നിരവധി സമൂഹമാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. എന്നാല്‍ വസ്തുതാ പരമായി ഇത് തെറ്റാണ്.
യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ കുടിയേറ്റക്കാരല്ല, മറിച്ച് ടെക്സാസിലെ എല്‍ പാസോയില്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തപ്പെടാന്‍ കാത്തിരിക്കുന്ന ആളുകളാണിവര്‍. മാസ്‌ക് ധരിച്ച രീതിയിലും കൈകളിലും കാലുകളിലും ചങ്ങലകളിട്ടുമാണ് അവര്‍ ചിത്രത്തിലുള്ളത്. ചിത്രം അടുത്തിടെ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായി ബന്ധമില്ലാത്തതാണ്. ഇത് മാത്രമല്ല, നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ തെറ്റായി പ്രചരിക്കുന്നുണ്ട്.
![](https://www.nrireporter.com/wp-content/uploads/2025/02/false.jpg)
ഈ ചിത്രം പഴയതാണ്, ട്രംപ് ഭരണകൂടം അടുത്തിടെ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ഇതിനു ബന്ധമില്ല. 2023 ഡിസംബര്‍ അവസാനം മുംബൈയിലെ മനുഷ്യക്കടത്ത് ആരോപിച്ച് നൂറുകണക്കിന് ഇന്ത്യക്കാരെ പാരീസില്‍ നിന്ന് തിരിച്ചയച്ചപ്പോഴാണ് ഇത് എടുത്തത്.
എന്നാല്‍ യുഎസില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നതിനെക്കുറിച്ച് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങള്‍ മാത്രമല്ല. വ്യാജ വിവരങ്ങള്‍ക്കൂടിയാണ്. നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം അടക്കം തെറ്റായി പുറത്തുവരുന്നത് ചര്‍ച്ചയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുന്നുണ്ട്.
1.2 ദശലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിക്ക് യുഎസും കാനഡയും അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് എക്സിലെ ഒരു വൈറല്‍ പോസ്റ്റ് അവകാശപ്പെടുന്നു. എന്നാല്‍ ഈ എണ്ണം തെറ്റാണ്.
കഴിഞ്ഞ വര്‍ഷം, 18,000 ത്തോളം രേഖകളില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരെ കണ്ടെത്തുകയും നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് യുഎസ് തീരുമാനിക്കുകയും ചെയ്തിരുന്നു. 2023 നും 2024 നും ഇടയില്‍ നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച 1,100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചു. ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്താണ് ഇത് സംഭവിച്ചത്.
![](https://www.nrireporter.com/wp-content/uploads/2025/02/pic-2-1024x576.jpg)
അതേസമയം, നാടുകടത്തപ്പെട്ട 104 ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഫെബ്രുവരി 5 ന് പഞ്ചാബിലെ അമൃത്സറില്‍ എത്തി. വര്‍ഷങ്ങളായി ഈ ഇന്ത്യക്കാര്‍ നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിച്ചവരും വ്യത്യസ്ത ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു.
വ്യാഴാഴ്ച രാവിലെ, യുഎസ് ബോര്‍ഡര്‍ പട്രോളിന്റെ തലവന്‍ ചീഫ് മൈക്കല്‍ ഡബ്ല്യു. ബാങ്ക്‌സ്, യുഎസ്ബിപിയും പങ്കാളികളും നിയമവിരുദ്ധരായ വിദേശികളെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചുവെന്നും സൈനിക വിമാനം വഴി ഏറ്റവും ദൂരെയുള്ള നാടുകടത്തലായിരുന്നു ഇതെന്നും പ്രസ്താവിക്കുന്ന ഒരു വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ കയറുന്ന വീഡിയോയിലുള്ള ആളുകള്‍ കൈകള്‍ ബന്ധിച്ച് കാലില്‍ ചങ്ങലയിട്ട നിലയിലാണ് കാണപ്പെട്ടത് എന്നതും വസ്തുതയാണ്.
്‌വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന പല ചിത്രങ്ങളിലുമുള്ളവര്‍ ഇന്ത്യക്കാരല്ലെങ്കിലും, ഇന്ത്യയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെയും യുഎസ് നാടുകടത്തുന്ന രീതി ഒന്നുതന്നെയാണെന്നതാണ് വസ്തുത.