
വാഷിംഗ്ടണ്‍: അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ മുന്‍ നീതിന്യായ വകുപ്പിന്റെ (ഡോജ്) കുറ്റപത്രത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസുകാര്‍. തിങ്കളാഴ്ച പുതിയ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് എഴുതിയ കത്തിലാണ് ആറ് കോണ്‍ഗ്രസുകാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
ലാന്‍സ് ഗുഡന്‍, പാറ്റ് ഫാലണ്‍, മൈക്ക് ഹരിഡോപോളോസ്, ബ്രാന്‍ഡന്‍ ഗില്‍, വില്യം ആര്‍ ടിമ്മണ്‍സ്, ബ്രയാന്‍ ബാബിന്‍ എന്നിവര്‍ മുന്‍ ഡോജ് നടപടി ഇന്ത്യ പോലുള്ള ഒരു ‘തന്ത്രപരമായ ഭൗമരാഷ്ട്രീയ പങ്കാളിയുമായുള്ള’ അമേരിക്കയുടെ ബന്ധത്തിന് ദോഷം വരുത്തുന്നുമെന്ന് ചൂണ്ടിക്കാട്ടി. ബൈഡന്‍ ഭരണകൂടത്തിന്റെ വിവേകശൂന്യമായ തീരുമാനങ്ങളില്‍ ഒന്നായാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെയാണിത് എന്നതും ശ്രദ്ധേയം.
കഴിഞ്ഞ വര്‍ഷം നവംബറില്‍, ബൈഡന്‍ ഭരണകൂടത്തിന് കീഴിലുള്ള ഡോജ് നടത്തിയ ആരോപണത്തിലും കുറ്റപത്രത്തിലും അദാനി ഗ്രൂപ്പ് എതിര്‍പ്പ് രേഖപ്പെടുത്തുകയും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
അദാനി ഗ്രൂപ്പ് ഇന്ത്യന്‍ കമ്പനിയാണെന്നും ഈ കമ്പനിയിലെ അംഗങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയെന്ന ആരോപണത്തിലാണ് ഈ കേസ് നിലനില്‍ക്കുന്നതെന്നും യു.എസ് നിയമനിര്‍മ്മാതാക്കള്‍ എടുത്തുകാട്ടി. കേസ് ഇന്ത്യന്‍ അധികാരികള്‍ക്ക് മുന്നില്‍ വയ്ക്കുന്നതിനുപകരം, യുഎസ് താല്‍പ്പര്യങ്ങള്‍ക്കായാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ബൈഡന്റെ ഡോജ് തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
‘ശതകോടിക്കണക്കിന് സംഭാവനകള്‍ നല്‍കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ അനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് നിക്ഷേപകരെ നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഈ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണത്തേക്കാള്‍ ദോഷം വരുത്തുന്നുവെന്ന് തെളിയിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം ചൂണ്ടിക്കാട്ടി യുഎും ഇന്ത്യയും പരസ്പര ബഹുമാനവും വിലമതിപ്പും പങ്കിടുന്നുവെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് പേജുള്ള കത്തില്‍ എഴുതി.