മുകേഷ് അംബാനിയും നിത അംബാനിയും ട്രംപിന്റെ അത്താഴ വിരുന്നില്‍, ആഘോഷം തുടങ്ങി… ചിത്രങ്ങള്‍ പുറത്ത്‌

വാഷിംഗ്ടണ്‍ ഡിസി: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിത അംബാനിയും. ഇരുവരും ട്രംപിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്.

നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലും ഇരുവരും പങ്കെടുക്കുമെന്നാണ് സൂചന. കൂടാതെ, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന മറ്റൊരു പരിപാടിയിലും ഇരുവരും ഭാഗമാകും.

ട്രംപിന്റെ കാബിനറ്റ് നോമിനികളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള മറ്റ് പ്രമുഖ അതിഥികള്‍ക്കൊപ്പം വേദിയില്‍ അംബാനിയ്ക്കും ഇരിപ്പിടമുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്.

അത്താഴ വിരുന്നിനിടെ എടുത്ത ചിത്രങ്ങളില്‍, മുകേഷ് അംബാനി കറുത്ത സ്യൂട്ട് ധരിച്ചിരിക്കുന്നതും നിത അംബാനി കറുത്ത സാരിയും കറുത്ത ഓവര്‍കോട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. നിത അംബാനിയുടെ മരതക കല്ലുമാലയിലാണ് സോഷ്യല്‍ മീഡിയുടെ കണ്ണുടക്കിയത്.

അത്താഴ വിരുന്നിനെത്തിയ റിയല്‍ എസ്റ്റേറ്റ് സംരംഭകയായ കല്‍പേഷ് മേത്ത അംബാനിക്കും പത്‌നിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘പ്രസിഡന്റ് ട്രംപിന്റെ ഉദ്ഘാടന ചടങ്ങില്‍ നിതയ്ക്കും മുകേഷ് അംബാനിക്കുമൊപ്പം രസകരമായ രാത്രി,’ എന്നാണ് അദ്ദേഹം കുറിച്ചത്. ഇവര്‍ക്ക് പുറമെ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഉള്‍പ്പെടെയുള്ള ആഗോള വ്യവസായ പ്രമുഖരും അത്താഴവിരുന്നില്‍ പങ്കെടുത്തു.

നാളെയാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

More Stories from this section

family-dental
witywide