മുകേഷ് രാജിവയ്ക്കണ്ട, കോടതി തീരുമാനം വരട്ടേ: CPM സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

കണ്ണൂര്‍: ലൈംഗിക പീഡനപരാതിയില്‍ നടനും ഭരണകക്ഷി എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുകേഷിനെതിരായ കേസില്‍ കോടതി തീരുമാനം വരുന്നത് വരെ അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോള്‍ ആലോചിക്കാം, അതാണ് പാര്‍ട്ടിയുടെ നിലപാട്- എന്നാണ് അദ്ദേഹം പറഞ്ഞത്.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്ക്കെതിരായി നല്‍കിയ പരാതി.

മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എറണാകുളം മരട് പോലീസാണ് ആദ്യം ഈ കേസ് റജിസ്റ്റര്‍ ചെയ്യുന്നത്.

Mukesh no need to resign says CPM

More Stories from this section

family-dental
witywide