
അബുദാബി: ദുബായിയില്‍നിന്നു മുംബൈയിലേക്ക് വെറും രണ്ട് മണിക്കൂറിലെത്താന്‍ അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉള്‍പ്പെടെ ചരക്കുകളും കൊണ്ടുപോകാം. അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കുന്നതെന്നാണ് വിവരം.
യു.എ.ഇ. നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതി അവതരിപ്പിച്ചത്. നിലവില്‍ യു.എ.ഇയില്‍നിന്നു വിമാനത്തില്‍ ഇന്ത്യയിലെത്താന്‍ നാല് മണിക്കൂറാണ് വേണ്ടത്. അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നതോടെ ഇത് രണ്ട് മണിക്കൂറായി കുറയും.
2000 കിലോ മീറ്റര്‍ ദൂരത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയില്‍വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ സര്‍വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തുവിടുമെന്നാണ് സൂചന.
ക്രൂഡ് ഓയില്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്നതുള്‍പ്പെടെ ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടും.
യാത്രക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല, റെയില്‍ കടന്നുപോകുന്ന ഇതരരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ ഷെഹി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായിരിക്കും പദ്ധതി. യു.എ.ഇയില്‍നിന്നു ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയില്‍നിന്നു യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റിയയക്കാനും പദ്ധതിയിലൂടെയാവും.
കടലിനടിയിലൂടെ അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കലാണ് പ്രധാന വെല്ലുവിളി. ഇതിനായി സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും വേണം.
Mumbai to Dubai via underwater rail