
ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ആസ്തി കുത്തനെ ഇടിയുന്നു. 450 ബില്യൺ ഡോളറോളം സമ്പത്തുണ്ടായിരുന്ന മസ്കിന്റെ ആസ്തി നാലിലൊന്നോളം ഇടിഞ്ഞ് ഏകദേശം 330 ബില്യൺ ഡോളർ(27.40 ലക്ഷോ കോടി രൂപ) ആയി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതൊരു പതനത്തിന് തുടക്കമാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എക്സിനെ ലക്ഷ്യമിട്ട് ഹാക്കിങ് ഗ്രൂപ്പുകള്‍ തുടരെ നടത്തുന്ന ആക്രമണങ്ങളും ഇതിനിടെ മസ്കിന് പ്രതിസന്ധിയായി മാറുന്നുണ്ട്.
ലോകമെമ്പാടും ബ്രാൻഡിനെതിരായ പ്രതിഷേധങ്ങൾ വർധിക്കുന്ന സാഹചര്യവുമുണ്ട്. ആക്ടിവിസ്റ്റ് ഗ്രൂപ്പുകളെയാണ് മസ്ക് ഇതിൽ കുറ്റപ്പെടുത്തുന്നത്. ഈ പ്രതിസന്ധികൾക്കിടയിലും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മസ്‌ക് തന്നെയാണ്. പക്ഷേ ജെഫ് ബെസോസ് (ആമസോൺ), മാർക്ക് സക്കർബർഗ് (മെറ്റ), ബെർണാഡ് അർനോൾട്ട് (LVMH) തുടങ്ങിയ എതിരാളികൾ മസ്കുമായി വമ്പൻ പോരാട്ടം തന്നെ നടത്തുന്നുണ്ട്. ചില റിപ്പോർട്ടുകൾ അനുസരിച്ച് തൊട്ടുപിന്നില്‍ മെറ്റ മേധാവി മാർക്ക് എത്തിയെന്നാണ് വ്യക്തമാകുന്നത്.