
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന ആളാണെന്നറിഞ്ഞപ്പോൾ പിതാവ് ഇലോൺ മസ്ക് നടത്തിയ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തി മകൾ വിവിയാൻ വിൽസൺ. ഇക്കാര്യത്തിൽ പിതാവിന്റെ ഭാഗത്ത് നിന്ന് പിന്തുണയല്ല ലഭിച്ചതെന്ന് വിവിയാൻ പറഞ്ഞു. അതേസമയം അമ്മ പൂർണ പിന്തുണ നൽകിയതെന്നും വിവിയാൻ കൂട്ടിച്ചേർത്തു. ഇക്കാര്യം അറിഞ്ഞപ്പോൾ അമ്മ വളരെ സ്നേഹത്തോടെയാണ് പ്രതികരിച്ചത്. പെട്ടെന്ന് പറഞ്ഞപ്പോൾ അമ്മയിൽ ഒരു അമ്പരപ്പ് ഉണ്ടായി. പക്ഷേ, ഏതാനും നിമിഷങ്ങൾക്കു ശേഷം അവർ ശരി മോളേ, എന്ന് ശാന്തമായി മറുപടി നൽകുകയായിരുന്നുവെന്ന് വിവിയാൻ പറഞ്ഞു.
എന്നാൽ, പിതാവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ നേരെ മറിച്ചുള്ള പ്രതികരണമാണ് ഉണ്ടായത്. ‘അദ്ദേഹം എന്റെ അമ്മയെ പോലെ പിന്തുണച്ചില്ല. ഹോർമോൺ തെറാപ്പിക്ക് അദ്ദേഹത്തിന്റെ സമ്മതം ആവശ്യമായ സമയത്ത് മാസങ്ങളോളം സംസാരിച്ചിട്ടില്ല.’– വിവിയാൻ പറയുന്നു. ട്രാൻസ് വിഭാഗത്തിൽപ്പെടുന്നയാളാണെന്ന് വിവിയാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. അതേസമയം, പതിനാറാം വയസ്സിൽ തന്നെ വിവിയാന് ഹോർമോൺ മാറ്റ ചികിത്സയ്ക്കുള്ള അനുവാദം നൽകിയിരുന്നു എന്നാണ് ഇലോൺ മസ്ക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇക്കാര്യം പൂർണമായി നിഷേധിച്ച വിവിയാൻ പിതാവ് നുണപറയുകയാണെന്ന് പ്രതികരിച്ചിരുന്നു.