‘യുദ്ധത്തില്‍ കുട്ടികള്‍ മരിക്കുമ്പോള്‍ അദ്ദേഹം ഇത് ചെയ്തു’ ; പഴയ ‘വോഗ് ഫോട്ടോഷൂട്ട്’ കുത്തിപ്പൊക്കി മസ്‌ക്, ഇത് സെലന്‍സ്‌കിക്കുള്ള പണി, ഏറ്റുപിടിച്ച് വിമര്‍ശകര്‍

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും മികച്ച ഫാഷന്‍ മാഗസിനായ വോഗില്‍ 2022 ല്‍ വന്ന യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടേയും ഭാര്യയുടേയും ചിത്രങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്. അന്ന് യുക്രെയ്ന്‍, റഷ്യ യുദ്ധത്തിനിടെയില്‍ നട്ടം തിരിയുമ്പോഴാണ് പ്രസിഡന്റ് ഫാഷന്‍ മാഗസിനില്‍ ഫോട്ടോഷൂട്ട് നടത്തി കൂളായി ജീവിച്ചതെന്നാണ് ആരോപണം.

സെലെന്‍സ്‌കിയെ വിമര്‍ശിച്ചുകൊണ്ട് ട്രംപിന്റെ വലംകയ്യും ടെസ്ലയുടെ സിഇഒയും വൈറ്റ് ഹൗസ് മുതിര്‍ന്ന ഉപദേഷ്ടാവുമായ എലോണ്‍ മസ്‌ക് വിവാദത്തിന് തിരികൊളുത്തി. വോഗ് കവര്‍ ഫോട്ടോ ഉള്‍പ്പെടുത്തിയ എക്സിലെ ഒരു പോസ്റ്റിനുള്ള മറുപടിയായായി ‘യുദ്ധത്തില്‍ കുട്ടികള്‍ മരിക്കുമ്പോള്‍ അദ്ദേഹം ഇത് ചെയ്തു’ എന്നായിരുന്നു മസ്‌ക് ആരോപണം ഉന്നയിച്ചത്.

സെലെന്‍സ്‌കിയുടെയും ഭാര്യ പ്രഥമ വനിത ഒലീന സെലെന്‍സ്‌കയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന വോഗ് ഫോട്ടോഷൂട്ട് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആനി ലീബോവിറ്റ്സാണ് എടുത്തത്. ‘ധൈര്യത്തിന്റെ ഛായാചിത്രം: യുക്രെയ്നിന്റെ പ്രഥമ വനിത ഒലീന സെലെന്‍സ്‌ക’ എന്ന് പേരിട്ട ഒരു ഫീച്ചറില്‍ യുദ്ധത്തെ അഭിമുഖീകരിക്കുന്ന യുക്രേനിയന്‍ ജനതയുടെ പ്രതിരോധശേഷിയും ദൃഢനിശ്ചയവും എടുത്തുകാണിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നിരുന്നാലും, ഫോട്ടോഷൂട്ട് നടത്തിയത് യുദ്ധസമയത്തായിരുന്നു എന്നത് പലരും വിമര്‍ശനത്തിന് കാരണമാക്കി.

ഫോട്ടോകളില്‍ സെലെന്‍സ്‌കിയും പ്രഥമ വനിത ഒലീന സെലെന്‍സ്‌കയും പോസ് ചെയ്തുവെങ്കിലും സെലെന്‍സ്‌കയെ കേന്ദ്രീകരിച്ചായിരുന്നു ഫീച്ചര്‍. എന്നാല്‍ മാരിന്‍സ്‌കി കൊട്ടാരത്തിലെ അവരുടെ കോമ്പൗണ്ടിനുള്ളില്‍ ദമ്പതികള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ സൈന്യം നശിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ അന്റോനോവ് എഎന്‍-225 ന്റെ അവശിഷ്ടങ്ങള്‍ക്ക് അരികില്‍ നില്‍ക്കുന്ന സെലെന്‍സ്‌കയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.

ആ സമയത്ത്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് വനിത ലോറന്‍ ബോബര്‍ട്ട് ഉള്‍പ്പെടെ യുഎസിലുടനീളമുള്ള വിവിധ പ്രമുഖര്‍ ഇരുവരെയും വിമര്‍ശിച്ചു. ‘ഞങ്ങള്‍ യുക്രെയ്നിന് 60 ബില്യണ്‍ ഡോളര്‍ സഹായം അയയ്ക്കുമ്പോള്‍, സെലെന്‍സ്‌കി വോഗിനായി ഫോട്ടോഷൂട്ടുകള്‍ നടത്തുകയാണെന്നും ഈ ആളുകള്‍ നമ്മളെ വിഡ്ഢികളാക്കുയാണെന്നും ബോബര്‍ട്ട് അന്ന് പറഞ്ഞു. അതേസമയം, വെരിസോണ്‍ എക്‌സിക്യൂട്ടീവ് ടാമി എര്‍വിന്‍ ഉള്‍പ്പെടെ ചിലര്‍ ഫോട്ടോഷൂട്ടിനെ ന്യായീകരിച്ചും രംഗത്തെത്തിയിരുന്നു.

എന്നാല്‍ സെലന്‍സ്‌കി തന്നെ ഈ വിവാദത്തിന് മറുപടിയും നല്‍കിയിരുന്നു. തന്റെ സന്ദേശം കൈമാറാന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ആളുകള്‍ നിങ്ങളെ അതേപടി കാണണമെങ്കില്‍, ആളുകള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ ഉപയോഗിക്കണം’. വോഗ് അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഒലീന സെലെന്‍സ്‌കയും സമാനമായ വികാരങ്ങള്‍ പങ്കുവെച്ചിരുന്നു. ‘എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ മാസങ്ങളായിരുന്നു ഇവ’, ഓരോ യുക്രേനിയക്കാരന്റെയും ജീവിതം ഇങ്ങനെയാണെന്നും അവര്‍ പറഞ്ഞിരുന്നു

ട്രംപ് യുക്രെയ്നില്‍ നിന്ന് സ്വയം അകന്നു നില്‍ക്കുകയും റഷ്യയോട് അടുക്കുകയും ചെയ്യുന്ന സമയത്താണ് മസ്‌ക് പഴയ സംഭവം കുത്തിപ്പൊക്കിയത് എന്നതും ശ്രദ്ധേയം.

More Stories from this section

family-dental
witywide