
അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക്-വാഹന നിർമ്മാണ കമ്പനിയായ ടെസ്ല ഇന്ത്യയിലേക്കു വരുന്നതായി സൂചന. ഇന്ത്യയിലെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ടെസ്ല നിരവധി നിയമനങ്ങൾ നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഇലോൺ മസ്ക് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ അനന്തരഫലമായി ടെസ്ല ഇനത്യൻ വിപണയിൽ എത്തുന്നതിന്റെ സൂചനകളുണ്ടായിരുന്നു.
13 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചതായി തിങ്കളാഴ്ച അവരുടെ ലിങ്ക്ഡ്ഇൻ പേജിലെ പരസ്യങ്ങൾ പറയുന്നു.
സർവീസ് ടെക്‌നീഷ്യൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡൽഹിയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ,അതേസമയം കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകൾ മുംബൈയിലാണ്.
ടെസ്‌ലയും ഇന്ത്യയും പല തവണ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഉയർന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ഉയർന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ ഇപ്പോൾ 110% ൽ നിന്ന് 70% ആയി കുറച്ചിട്ടുണ്ട്.
2023 ഓഗസ്റ്റില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ വിഭാഗമായ ടെസ്‌ല ഇന്ത്യന്‍ മോട്ടോര്‍ ആന്റ് എനര്‍ജി പുണെയില്‍ ഓഫീസ് തുറന്നിരുന്നു. പുണെയിലെ വിമന്‍ നഗറിലെ പഞ്ച്ഷില്‍ ബിസിനസ് പാര്‍ക്കിലാണ് ഓഫിസ്. 5,850 ചതുരശ്ര അടിവിസ്തീര്‍ണമുള്ള ഓഫിസിന് 11.65 ലക്ഷം രൂപയാണ് പ്രതിമാസ വാടക നിശ്ചയിച്ചിട്ടുള്ളത്. പാട്ടകാലാവധിയുടെ മൊത്തം വാടക 7.72 കോടി രൂപയുമാണ്. 2023 ജൂലായ് 26-നാണ് ഇതുസംബന്ധിച്ച കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021 ജനുവരിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ വിഭാഗം ബെംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല.
Musk’s Tesla is reportedly coming to India