
ബാങ്കോക്ക്: മ്യാന്മാർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,085 കവിഞ്ഞു. ആറ് ദിവസമായി തുടരുന്ന തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണം 4,715 ആയി വർധിച്ചതായും 341 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സൈനിക ഭരണകൂടം അറിയിച്ചു.
അതേസമയം, ഔദ്യോഗിക കണക്കുകളേക്കാൾ വളരെയേറെ അധികമാണ് മരണസംഖ്യയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർന്നതിനാലും പല സ്ഥലങ്ങളിലേക്കും എത്തിപ്പെടാൻ കഴിയാത്തതിനാലുമാണ് വിവരങ്ങൾ പുറത്തുവരാത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ പ്രാഥമിക കണക്ക് പ്രകാരം നാല് ആശുപത്രികളും ഒരു ചെറിയ ആരോഗ്യ കേന്ദ്രവും പൂർണമായും തകർന്നു. 32 ആശുപത്രികൾക്ക് ഭാഗിക കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പം ഏറ്റവും രൂക്ഷമായി ബാധിച്ച മണ്ഡലയിൽ പലർക്കും ചികിത്സ ലഭിക്കുന്നില്ലെന്നും യു.എൻ അറിയിച്ചു.