വികാരനിർഭരമായ മുഹൂർത്തം, വിങ്ങിപ്പൊട്ടി സുനിത വില്യംസ്; ‘എല്ലാവരെയും മിസ് ചെയ്യും’, ബഹിരാകാശ നിലയത്തിൽ അധികാര കൈമാറ്റം

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കുള്ള മടക്കത്തിന് മുമ്പ് നിലയത്തിൻറെ ഔദ്യോഗിക ചുമതല റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഒവ്‌ചിനിന് കൈമാറി സുനിത വില്യംസ്. വൈകാരിക പ്രസംഗത്തോടെയാണ് ഐഎസ്എസിൻറെ കമാൻഡർ പദവി സുനിത കൈമാറിയതെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

2024 ജൂണിൽ വെറും 10 ദിവസത്തെ ദൗത്യത്തിനായാണ് ഭൂമിയിൽ നിന്ന് തിരിച്ചതെങ്കിലും 10 മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻറെ പ്രവർത്തനങ്ങളുടെ എല്ലാമെല്ലാമായിരുന്നു ഇന്ത്യൻ വംശജയായ നാസ സഞ്ചാരി സുനിത വില്യംസ്. നീണ്ട ദൗത്യം പൂർത്തിയാക്കി സ്പേസ് എക്സിൻറെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും മുമ്പ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിൻറെ കമാൻഡർ സ്ഥാനം റഷ്യയുടെ അലെക്സി ഒവ്‌ചിനിനാണ് കൈമാറിയിട്ടുള്ളത്.

ബഹിരാകാശ രംഗത്തെ നാസ-റോസ്‌കോസ്മോസ് സഹകരണത്തിൽ നിർണായകമായ മുഹൂർത്തമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഐഎസ്എസിൻറെ ചുമതല കൈമാറുന്ന ചടങ്ങിൽ വികാരനിർഭരമായിരുന്നു സുനിത വില്യംസിൻറെ വാക്കുകൾ. ബഹിരാകാശ ദൗത്യത്തിലുടനീളം പിന്തുണ നൽകിയ കൺട്രോൾ സെൻററുകൾക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സുനിത വില്യംസ് നന്ദി പറഞ്ഞു. നിലയത്തിലുള്ള മറ്റ് സഞ്ചാരികളെ മിസ്സ് ചെയ്യുമെന്നും സുനിത കൂട്ടിച്ചേർത്തു. സ്പേസ് എക്സിൻറെ ഡ്രാഗൺ പേടകത്തിൽ മാർച്ച് 16ന് സുനിത വില്യംസ് ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നിലവിലെ പ്രതീക്ഷകൾ.

More Stories from this section

family-dental
witywide