തിരുവനന്തപുരം: ഇന്നലെ രാത്രി നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടശേഷം ഓടിരക്ഷപ്പെട്ട ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മദ്യപിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയില്‍ ബസ് വെട്ടിച്ചപ്പോള്‍ മറിഞ്ഞതാണെന്നാണ് അരുള്‍ ദാസിന്റെ മൊഴി.
അരുള്‍ ദാസിന്റെ മുഖത്ത് ചെറിയ പരുക്കുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപകടത്തില്‍ 60 വയസുള്ള ഒരു സ്ത്രീ മരിക്കുകയും 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാവല്ലൂര്‍ സ്വദേശിനി ദാസിനി ആണ് മരിച്ചത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.
കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ വന്ന ബസ് കൊടുംവളവില്‍ വച്ച് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. വിശദപരിശോധന ഇന്ന് നടക്കും.