
വാഷിംഗ്ടണ്‍ : യുഎസില്‍ വെച്ച് വാഹനം ഇടിച്ചുണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് കോമയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നീലം ഷിന്‍ഡെയെ കാണാന്‍ കുടുംബം യുഎസില്‍ എത്തി. കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുന്ന മകളെക്കാണാന്‍ പിതാവടക്കമാണ് എത്തിയിരിക്കുന്നത്.
ഫെബ്രുവരി 14നാണ് യുവതിക്ക് അപകടമുണ്ടായത്. 16 നാണ് ഇന്ത്യയിലുള്ള കുടുംബം വിവരമറിഞ്ഞത്. മഹാരാഷ്ട്രയിലെ സതാരയിലുള്ള അവരുടെ കുടുംബം അന്നുമുതല്‍ വിസയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മകളെ കാണാനും പരിചരിക്കാനും യുഎസിലേക്ക് പോകണമെന്ന കുടുംബത്തിന്റെ ദിവസങ്ങള്‍ നീണ്ട അഭ്യര്‍ഥനകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് യുഎസ് അനുകൂല നിലപാട് എടുത്തത്. തുടര്‍ന്ന് അടിയന്തര വീസ അനുവദിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് 35 കാരിയായ നീലം ഷിന്‍ഡെ ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ അച്ഛന്‍, ബന്ധു, അമ്മാവന്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബമാണ് ആശുപത്രിയിലെത്തിയിട്ടുള്ളത്.