പാലക്കാട് : നെന്മാറ സ്വദേശികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി കൊലക്കേസ് പ്രതിയായ അയല്‍വാസി. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍ (56), അമ്മ മീനാക്ഷി(75) എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ അജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെന്താമര ഒന്നരമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അജിതയുടെ കൊലപാതകം.
പ്രതി സുധാകരനെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ പൊലീസ് ഗൗരവത്തില്‍ എടുത്തില്ലെന്നും പരാതി ഉയരുന്നു. അനാസ്ഥയുണ്ടായെന്നു ചൂണ്ടിക്കാട്ടി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി. കളക്ടര്‍ എത്താതെ മൃതദേഹങ്ങളുടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു നാട്ടുകാര്‍. അതേസമയം, പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.