ചെന്താമര എവിടെ മറഞ്ഞു? നാടാകെ തെരഞ്ഞ് പൊലീസും നാട്ടുകാരും, പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ്, ലക്ഷ്മിയുടെ സംസ്‌കാരം ഇന്ന്

പാലക്കാട്: നെന്‍മാറയില്‍ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. ലക്ഷ്മിയുടെ സംസ്‌കാരം ഇന്നു നടത്തും.

ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി തെരച്ചില്‍ ഊരജ്ജിതമാണ്‌. എന്നാല്‍ പ്രതി എവിടെ മറഞ്ഞിരിക്കുന്നു എന്നതില്‍ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിക്കായി നൂറിലധികം നാട്ടുകാരാണ് തിരച്ചില്‍ നടത്തുന്നത്. പ്രതി ഈ പ്രദേശത്തുതന്നെയുണ്ടെന്നും അധികം ദൂരത്തുപോയിട്ടില്ലെന്നുമുള്ള സൂചനയെ തുടര്‍ന്നാണ് നാട്ടുകാരും അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്നത്.

ചെന്താമരയെ കണ്ടെത്താന്‍ പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പൊലീസ് പരിശോധന നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയില്‍ പരിശോധന നടത്തുന്നത്.

അതേസമയം, ചെന്താമരയുടെ വീട്ടില്‍ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ക്രൂരതയ്ക്ക് ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. ജീവന് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരനും മകള്‍ അഖിലയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് പൊലീസ് അവഗണിച്ചതാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം ഉയരുന്നത്. സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

More Stories from this section

family-dental
witywide