ലവലേശം കുറ്റബോധമില്ലാതെ കൊലയാളി, 100 വർഷം വരെ ശിക്ഷിച്ചോളൂ എന്ന് കോടതിയോട് ചെന്താമര, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാലക്കാട്‌: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഫെബ്രുവരി 12 വരെ ചെന്താമരയെ റിമാൻഡ് ചെയ്തത്. ജനരോഷം ഭയന്ന് കോടതിയിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ചെന്താമര കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

ലവലേശം കുറ്റബോധം ഇല്ലെന്നു മാത്രമല്ല, കൃത്യം നടപ്പാക്കിയതിൻ്റെ സന്തോഷത്തിലാണ് പ്രതി. കൊലപാതകം നടത്താനായി ദിവസങ്ങൾക്ക് മുമ്പ് കൊടുവാൾ വാങ്ങി. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തി. കൊല നടത്തിയത് പൂർവ വൈരാഗ്യം കൊണ്ട്. മനസ്താപമില്ലാത്ത കുറ്റവാളിയാണ് പ്രതി. ഇയാളിൽ നിന്ന് അയൽ വാസികൾക്ക് തുടർച്ചയായി വധഭീഷണിയുണ്ടായിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ.

തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. തന്നെ ശിക്ഷിക്കണം. എത്രയും പെട്ടെന്ന് ശിക്ഷിക്കണം. എല്ലാ ചെയ്തത് ഒറ്റയ്ക്ക്. നൂറ് വർഷം വരെ ശിക്ഷിച്ചോളു. തനിക്ക് പരാതിയില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. മകൾ എഞ്ചിനീയറും മരുമകൻ ക്രൈം ബ്രാഞ്ചിലുമാണ്. ഇരുവരുടെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു.

More Stories from this section

family-dental
witywide