ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎസ് സന്ദർശനം സൂക്ഷ്മമായി നിരീക്ഷിച്ച് ഇറാൻ. ഗാസയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയും നെതന്യാഹു ഇക്കാര്യത്തിൽ സമ്മർദം ചെലുത്തുമെന്നതിനാലും ഇറാൻ ഇസ്രായേൽ പ്രധാനമന്ത്രിയുടെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഡോണൾഡ് ട്രംപിന്റെ പദ്ധതി വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നും അത് നടപ്പാക്കാൻ പാടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായി പറഞ്ഞു.
”ജോർദാനിലേക്കും ഈജിപ്തിലേക്കും ഗാസക്കാരെ ബലമായി പറഞ്ഞുവിടുന്ന പദ്ധതിക്ക് പകരം അവരുടെ സ്വയം നിർണ്ണയാവകാശത്തെ സംരക്ഷിക്കണം. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും അതിക്രമങ്ങളും കൂട്ടക്കൊലകളും തുടരുകയാണ്”- എസ്മയിൽ ബഗായി കൂട്ടിച്ചേർത്തു.നേരത്തെ, ഗാസയിൽ പലസ്തീനികളെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട് അറബ് വിദേശകാര്യ മന്ത്രിമാർ ശക്തമായ വിയോജിപ്പ് പ്രകടിപ്പിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.
പലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കുന്നതിനെതിരെ അഞ്ച് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയുമായി രംഗത്ത് വന്നത്. ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ നീക്കത്തെ ശക്തമായി എതിർത്തു.