
വാഷിംഗ്ടൺ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധി ആഘോഷിക്കാനെത്തിയതിനു പിന്നാലെ കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിക്കായുള്ള അന്വേഷണം തുടരുന്നു. പിറ്റ്സ്ബർഗ് സർവകലാശാലയിൽ പഠിക്കുന്ന സുദിക്ഷ കൊണാങ്കിയെയാണ് (20) മാർച്ച് ആറ് മുതൽ കാണാതായത്. അഞ്ച് സൃഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ എത്തിയ ശേഷം യുവതിയെ കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസം സുദിക്ഷയുടെ വസ്ത്രവും ചെരിപ്പും ബീച്ചിനു സമീപമുള്ള കസേരയിൽ നിന്ന് ലഭിച്ചിരുന്നു. ഇപ്പോൾ, സുദിക്ഷ അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുൻപ് ഒരു ബാറിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
റിസോർട്ടിലെ ബാറിൽ സുദിക്ഷ സുഹൃത്തുക്കൾക്കൊപ്പം സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ പോലീസിന്റെ സംശയ നിഴലിലുള്ള പുരുഷ സുഹൃത്ത് ജോഷ്വാ സ്റ്റീവ് റൈബ് എന്ന അമേരിക്കൻ സ്വദേശിയും വീഡിയോയിലുണ്ട്. മദ്യപിച്ച് ആടിക്കുഴഞ്ഞാണ് ഇയാൾ നിൽക്കുന്നത്. സുദീക്ഷയുടേതെന്ന് കരുതുന്ന വസ്ത്രം കടൽതീരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്ലിപ്പ്-ഫ്ലോപ്പുകളുമാണ് ലോഞ്ച് ചെയറിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നത്. വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിച്ച നിലയിലായിരുന്നു. കൂടാതെ അലങ്കോലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല.
സുദീക്ഷ ബിക്കിനി ധരിച്ച് കടലിലിറങ്ങും മുമ്പ് വസ്ത്രങ്ങൾ കസേരയിൽ വെച്ചതാകാമെന്നാണ് വിലയിരുത്തൽ. പിറ്റ്സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിനിയായ സുദീക്ഷയെ മാർച്ച് ആറിന് പുലർച്ചെയാണ് കാണാതായത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരത്തിനാണ് ഇവർ എത്തിയത്. നിരീക്ഷണ ദൃശ്യങ്ങളിൽ അവർ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് നടക്കുന്നതുണ്ട്. മറ്റുള്ളവർ പിന്നീട് ഹോട്ടലിലേക്ക് മടങ്ങി. മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സീനിയറായ 22 വയസ്സുകാനായ റഷ്യൻ പൗരനായ ജോഷ്വ റീബിനൊപ്പമാണ് സുദീക്ഷയെ അവസാനമായി കണ്ടത്.
അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദീക്ഷ എത്തിയത്. സുദീക്ഷയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്. ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.