പുതിയ ആദായ നികുതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു: പുതിയ നിയമം ലളിതം, ആധുനികം

1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് തയാറാക്കിയ പുതിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നികുതി സമ്പ്രദായം ലളിതമാക്കുന്നതും ആധുനികവത്കരിക്കുന്നതും ലക്ഷ്യമിട്ടുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ വിശദമാക്കിയിട്ടുള്ളത്. പുതിയ നികുതികള്‍ ബില്ലിലില്ല. നിയമപരമായ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുമാണ് പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് ധനകാര്യ സെക്രട്ടറി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

കാലാകാലങ്ങളായി വന്ന ഭേദഗതികൾ 1961-ലെ ആദായ നികുതി നിയമത്തിന് അമിതഭാരമേൽപ്പിക്കുകയും അതിന്റെ ഭാഷ സങ്കീർണമാക്കുകയും ചെയ്തുവെന്ന് ബില്ലിലെ പ്രസ്താവനയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറയുന്നു. നികുതി ഭരണത്തിന്റെ കാര്യക്ഷമതയെ അത് ബാധിക്കുകയും നികുതിദാതാക്കളുടെ ചെലവ് വർധിപ്പിക്കുകയും ചെയ്തു. നിയമത്തിലെ സങ്കീർണമായ വകുപ്പുകളേയും ഘടനയേയും കുറിച്ച് ഉദ്യോഗസ്ഥരും ടാക്‌സ് പ്രാക്ടീഷണർമാരുമെല്ലാം ആശങ്കയറിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 1961-ലെ നിയമം സമഗ്രമായി പുനഃപരിശോധിച്ച് ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാനാകുന്നതുമായ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പഴയ നിയമപ്രകാരം മുൻ വർഷത്തെ (പ്രീവിയസ് ഇയർ) വരുമാനത്തിനാണ് വിലയിരുത്തൽ വർഷത്തിൽ (അസസ്‌മെന്റ് ഇയർ) നികുതി നൽകുന്നത്. എന്നാൽ, പുതിയ ബില്ലിൽ നികുതി വർഷം (ടാക്‌സ് ഇയർ) മാത്രമേയുള്ളൂ. വിലയിരുത്തൽ വർഷം എന്നത് ഒഴിവാക്കി. അതുപോലെ ആധുനികകാലത്തെ മുന്നിൽക്കണ്ട് വെർച്വൽ ഡിജിറ്റൽ ആസ്തികൾ, ക്രിപ്‌റ്റോ ആസ്തികൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്താനും 2025-ലെ ബില്ലിൽ ശ്രമിച്ചിട്ടുണ്ട്.

പുതിയ നിയമം 2026 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ആദായ നികുതി നിയമത്തില്‍ 23 അധ്യായങ്ങളിലായി 298 വിഭാഗങ്ങളുണ്ട്. വ്യക്തിഗത ആദായ നികുതി, കോര്‍പറേറ്റ് നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്‌ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകളാണ് ബാധകം. അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കിയാണ് പുതിയ ബില്ല് കൊണ്ടുവന്നിട്ടുള്ളത്.

New Income tax bill introduced in parliament

More Stories from this section

family-dental
witywide