ആലപ്പുഴ: പഠനത്തിൽ അസാമാന്യ മിടുക്കുള്ള മഞ്ജിമയ്ക്ക് ഇനി ചോര്‍ന്നൊലിച്ച് ഇടിഞ്ഞുവീഴാറായ വീട്ടില്‍ ഭയപ്പാടോടെ കിടക്കേണ്ട. തലചായ്ക്കാന്‍ മഞ്ജിമയ്ക്കും കുടുംബത്തിനും ഒരു പുത്തന്‍ വീട് സ്വന്തമായി കിട്ടിയിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും ‘എ’ പ്ലസ് വാങ്ങിയ മഞ്ജിമയുടെ വീടിന്റെ ദയനീയാവസ്ഥയറിഞ്ഞ് എത്തിയ സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവ കേരള മലയാളി അസോസിയേഷനാണ് ഈ നിര്‍ധന കുടുംബത്തിന് വീടുവച്ചു നല്‍കി
അവരുടെ ചിരകാല സ്വപ്നത്തിന് ചിറകുകളേകിയത്. ജീവകാരുണ്യ പ്രവൃത്തിയുടെ മഹത്തായ സന്ദേശം പകര്‍ന്നുകൊണ്ട് ജനുവരി 14-ാം തീയതി മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍, ആലപ്പുഴ എം.എല്‍.എ പി.പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വച്ചായിരുന്നു വീടിന്റെ താക്കോല്‍ ദാനം. നവകേരള അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ട്രഷററുമായ സുശീല്‍കുമാര്‍ നാലകത്ത്, മുന്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ മാത്യു വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ജെയിന്‍ വാത്തിയേലില്‍, മുന്‍ പ്രസിഡന്റും ഉപദേശ സമിതിയംഗവുമായ ജോസഫ് പാണികുളങ്ങര എന്നിവര്‍ ചേര്‍ന്നാണ് താക്കോല്‍ ദാനം നിര്‍വഹിച്ചത്. സ്‌കൂളിലെ അധ്യാപകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പി.ടി.എ ഭാരവാഹികള്‍ക്കും പുറമെ ഒട്ടേറെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളും തിരക്കഥാകൃത്തായ സുരേഷ് വാരനാട്, ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജിജു കുളങ്ങര, ബിജു കട്ടത്തറ എന്നിവരും ഈ പ്രൗഢോജ്ജ്വലമായ സമ്മേളനത്തില്‍ പങ്കെടുത്തു.
2023-ല്‍ എല്ലാ വിഷയത്തിനും ‘എ’ പ്ലസ് വാങ്ങി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച മഞ്ജിമയെ ആദരിക്കാന്‍ മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകരും പി.ടി.എ അധികൃതരും വീട്ടിലെത്തിയപ്പോഴാണ് മഞ്ജിമയുടെ ദുരിതപൂര്‍ണമായ ജീവിതം നേരില്‍ക്കണ്ടത്. സ്‌കൂളില്‍ ഏവര്‍ക്കും പ്രിയങ്കരിയായ മഞ്ജിമ താമസിക്കുന്നത് അടച്ചുറപ്പില്ലാത്ത വീട്ടില്‍. മഴപെയ്താല്‍ മുറി മുഴുവന്‍ വെള്ളത്തിലാവും. പഠിത്തത്തിന് മുറമെ പാഠ്യേതര വിഷയങ്ങളിലും പ്രതിഭ തെളിയിച്ച മഞ്ജിമ തന്റെ ദുരിത ജീവിതത്തെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ പരിതാപകരമായ ആ സാഹചര്യം നേരില്‍ക്കണ്ടവര്‍ക്കെല്ലാം വലിയ മനോവേദനയാണുണ്ടായത്. ക്ലാസ് ടീച്ചര്‍ ആയിരുന്ന വിധു നഹര്‍ ആണ് മഞ്ജിമയുടെ ഈ ദുരവസ്ഥ നവകേരള മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി പങ്കുവെച്ചത്.
മഞ്ജിമയുടെ ജീവിത സാഹചര്യം മനസ്സിലാക്കി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവസരോചിതമായിത്തന്നെ ആദ്യത്തെ വീട് മഞ്ജിമയ്ക്ക് നിര്‍മിച്ച് നല്‍കുവാന്‍ തീരുമാനിക്കുകയും ഈ വിവരം നവ കേരള മലയാളി അസോസിയേഷന്റെ ട്രഷറര്‍ സൈമണ്‍ പാറത്തായം അവരെ അറിയിക്കുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അന്തിയുറങ്ങാന്‍ ഒരു വീട് സന്തമാക്കുകയെന്നത്. മഞ്ജിമയുടെയും കുടും ബത്തിന്റെയും ആ മോഹം സാധിച്ചുകൊടുത്തതിലൂടെ നവകേരള മലയാളി അസോസിയേഷന്‍ ജന്‍മനാടിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയായിരുന്നു.
അമേരിക്കയിലെ മലയാളി മനസ്സുകളില്‍ നിറസാന്നിധ്യമാണ് ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവരുന്ന നവകേരള മലയാളി അസോസിയേഷന്‍. മൂന്നു പതിറ്റാണ്ട് തികയുന്ന ഈ വര്‍ഷത്തില്‍ മൂന്ന് നിര്‍ധന കുട്ടികള്‍ക്ക് കൈത്താങ്ങ് ആവുകയാണ് ഏവര്‍ക്കും മാതൃകയായ ഈ സംഘടന. അതില്‍ ആദ്യത്തെ വീടാണ് മഞ്ജിമയ്ക്ക് സമ്മാനിച്ചത്. അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഉത്തരവാദിത്വവും കൈമുതലായി പ്രവര്‍ത്തിക്കുന്ന നവകേരള മയാളി അസോസിയേഷന്‍ ജന്മഭൂമിയിലും സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിലും അളവറ്റ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കൊടിയേന്തിയാണ് ജൈത്രയാത്ര തുടരുന്നത്. പ്രതിസന്ധികളെ തരണംചെയ്ത് സഹായം അര്‍ഹിക്കുന്നവരുടെ കണ്ണീരൊപ്പൊന്‍ ഈ സംഘടന അവര്‍ക്കൊപ്പം എന്നുമുണ്ടാവുമെന്ന് മുന്‍ പ്രസിഡന്റുമാര്‍ വ്യക്തമാക്കി.