ന്യൂ ഓര്‍ലിയന്‍സ് ഭീകരാക്രമണം : അക്രമി കുടുംബത്തെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ

ന്യൂ ഓര്‍ലിയന്‍സില്‍ ഭീകരാക്രമണം നടത്തിയ അക്രമി ഷംസുദ്ദീന്‍ ജബ്ബാര്‍ കുടുംബത്തെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി എഫ്ബിഐ . ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ 5 വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നും കുറച്ചുനാള്‍ മുമ്പ് ഇയാള്‍ ഐഎസില്‍ ചേര്‍ന്നതായും വെളിപ്പെടുത്തലുണ്ട്.

ഷംസുദ്ദീന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോകളിലൊന്നില്‍, താന്‍ മുമ്പ് തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ദ്രോഹിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതായി എഫ്ബിഐ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ബര്‍ബണ്‍ സ്ട്രീറ്റില്‍ ജനക്കൂട്ടത്തിനിടയിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചുകയറ്റി 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നിലുണ്ടായിരുന്നത് ഷംസുദ്ദീന്‍ ജബ്ബാര്‍ (42)ആയിരുന്നു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ അഞ്ച് വീഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് എഫ്ബിഐ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടെക്‌സാസില്‍ ജനിച്ച യുഎസ് പൗരനും അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ച ഒരു സൈനികനുമായിരുന്നു ഇയാള്‍. തന്റെ കുടുംബത്തെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ഒരു ആഘോഷപരിപാടി സംഘടിപ്പിച്ച് കുടുംബത്തെ ഒരുമിച്ചുകൂട്ടാന്‍ ആദ്യം പദ്ധതിയിട്ടതിനെക്കുറിച്ചും ഷംസുദ്ദീന്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ 1:29 നും 3:02 നും ഇടയിലാണ് ഇയാളുടെ ഫേസ്ബുക്ക് പേജില്‍ വിവിധ വീഡിയോകള്‍ പോസ്റ്റ് ചെയ്തതെന്നും എഫ്ബിഐ വിശദീകരിച്ചു.

ജബ്ബാര്‍ 2007 മുതല്‍ 2015 വരെ യുഎസ് ആര്‍മിയിലും തുടര്‍ന്ന് 2015 മുതല്‍ 2020 വരെ ആര്‍മി റിസര്‍വിലും സേവനമനുഷ്ഠിച്ചു. 2009 മുതല്‍ 2010 വരെ അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് വിന്യസിക്കുകയും സ്റ്റാഫ് സര്‍ജന്റ് എന്ന നിലയിലുള്ള തന്റെ സേവനം അവസാനിപ്പിക്കുകയും ചെയ്തു.

തന്റെ സഹോദരന് ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ കഴിയുമെന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ജബ്ബാറിന്റെ ഇളയ സഹോദരന്‍ അബ്ദുറഹീം ജബ്ബാര്‍ വ്യാഴാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പ്രതികരിച്ചത്.

More Stories from this section

family-dental
witywide