
ഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. സുരക്ഷാ പ്രശ്‌നം കാരണം ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം റോമിലേക്ക് തിരിച്ചുവിട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 22 ന് ന്യൂയോർക്കിലെ ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനമായ എ എ 292 ആണ് റോമിലേക്ക് വഴിതിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോംബ് ഭീഷണി മൂലമാണ് വഴിതിരിച്ചുവിടൽ നടന്നതെന്നാണ് ഇറ്റലിയിലെ വാർത്താ ഏജൻസിയായ അൻസ പറയുന്നത്. വിമാനം റോം ഫിയുമിസിനോ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.