ന്യൂയോര്‍ക്ക് കേരളാ സമാജം മുന്‍ പ്രസിഡന്റുമാരുടെ പ്രസിഡന്റ്സ് ഫോറം രൂപീകരിക്കുന്നു

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: അഞ്ചു പതിറ്റാണ്ടിലധികം പ്രവര്‍ത്തി പരിചയമുള്ള കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് എന്ന സംഘടനയ്ക്ക് ജന്മം നല്‍കി കൈപിടിച്ച് നടത്തി അന്‍പത്തിരണ്ട് വയസ്സുവരെ വളര്‍ത്തിയ പ്രസിഡന്റുമാരുടെ അപൂര്‍വ്വ സംഗമം വേറിട്ടൊരനുഭവമായി. 1972-ലെ സ്ഥാപക പ്രസിഡന്റായ പ്രൊഫ. ഡോ. ജോസഫ് ചെറുവേലി മുതല്‍ 2024-ലെ അന്‍പത്തിരണ്ടാമത് പ്രസിഡന്റ് സിബി ഡേവിഡ് വരെയുള്ള പ്രസിഡന്റുമാരില്‍, മരണപ്പെട്ടവരും അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുമായ ഏതാനും പ്രസിഡന്റ്മാരൊഴികെ മറ്റ് എല്ലാവരും ഒത്തുകൂടിയപ്പോള്‍ അത് മറ്റൊരു ചരിത്ര മുഹൂര്‍ത്തമായി.

കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സംഘടനയെ ആരംഭം മുതല്‍ വളര്‍ത്തി ന്യൂയോര്‍ക്ക് കുടിയേറ്റ മലയാളീ സമൂഹത്തിന്റെ അഭിമാനകരമായ പ്രസ്ഥാനമാക്കി മാറ്റുകയും അതിലൂടെ മറ്റു പല സംഘടനകളുടെ വിവിധ തലങ്ങളിലേക്കും തലപ്പത്തേക്ക് വരെയും വളര്‍ത്തപ്പെട്ടവരുമായ നേതാക്കളാണ് സമാജം മുന്‍ പ്രസിഡന്റുമാരുടെ ശ്രേണിയില്‍ ഇന്നുള്ളത്. വര്‍ഷങ്ങളായി ഈ സംഘടനയുടെ വളര്‍ച്ചക്കായി സ്വയം അര്‍പ്പിക്കപ്പെടുകയും സ്വന്തം സമയവും, ആരോഗ്യവും, സമ്പത്തും ചിലവഴിക്കുകയും ചെയ്ത മുന്‍ പ്രസിഡന്റ്മാരെ ആദരിക്കണം എന്നും അവര്‍ക്കായി ഒരു ഫോറം രൂപീകരിക്കണം എന്നും നിലവിലെ പ്രസിഡന്റ് സജി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഇത്തരമൊരു കൂട്ടായ്മക്ക് വേദി ഒരുക്കിയത്.

പ്രസിഡന്റ്സ് ഫോറം രൂപീകരണത്തിനായി കൂടിയ ആലോചനാ യോഗത്തില്‍ നിലവിലെ സമാജം പ്രസിഡന്റ് സജി എബ്രഹാം അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി മാത്യുക്കുട്ടി ഈശോ ഏവര്‍ക്കും യോഗത്തിലേക്ക് സ്വാഗതം ആശംസിക്കുകയും ചെയ്തു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വിന്‍സെന്റ് സിറിയക്ക്, ട്രഷറര്‍ വിനോദ് കെയാര്‍ക്കെ, വൈസ് പ്രസിഡന്റ് ബെന്നി ഇട്ടിയേറ എന്നിവര്‍ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം യോഗത്തിന് നേതൃത്വം നല്‍കി. സമാജത്തിന്റെ മുന്‍കാലങ്ങളില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും മരണം വഴിയായി ഈ ലോകത്തില്‍ നിന്നും മാറ്റപ്പെട്ടതുമായ മുന്‍ പ്രസിഡന്റുമാരുടെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ ഒരു നിമിഷം സ്മരണാഞ്ജലി അര്‍പ്പിച്ച് യോഗം ആരംഭിച്ചു. സമാജത്തില്‍ ഒരു പ്രസിഡന്റ്സ് ഫോറം രൂപീകരിക്കേണ്ടത്തിന്റെ ആവശ്യകതയും മുന്‍ പ്രസിഡന്റുമാരുടെ ഉപദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സമാജത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനത്തിന് എത്രമാത്രം പ്രയോജനപ്പെടും എന്ന ആശയവും പ്രസിഡന്റ് സജി തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

സംഘടനയിലെ വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷം പ്രസിഡന്റ് പദവിയിലെത്തിയാല്‍ പിന്നീട് മറ്റൊരു അഞ്ചു വര്‍ഷം ട്രസ്റ്റീ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ ഭരണഘടനാ പ്രകാരമുള്ള പതിവ്. അങ്ങനെ സംഘടനയുടെ സര്‍വ്വതോന്മുഖ വളര്‍ച്ചക്കായി പ്രസിഡന്റ് പദവിയിലെത്തുന്നവര്‍ എട്ടും പത്തും വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രത്യേകത. അതിനു ശേഷം ചുരുക്കം ചിലര്‍ ഒഴികെ പലരും സംഘടനയുടെ സജീവമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രവണതയാണ് കാണാറുള്ളത്. അതിനു വിരാമം കുറിയ്ക്കുന്നതിനും മുന്‍കാലങ്ങളില്‍ പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ച നേതാക്കളുടെ സാന്നിദ്ധ്യവും സഹകരണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു ഫോറം രൂപീകരിക്കുന്നത്.

മുന്‍കാല പ്രസിഡന്റുമാരായ പ്രൊഫ. ജോസഫ് ചെറുവേലില്‍ (1972), ബാബു പി തോമസ് (1987), ചെറിയാന്‍ പാലത്തറ (1991), ഷാജു സാം (1994, 2017), ജോസ് ചുമ്മാര്‍ (2002), പ്രിന്‍സ് മാര്‍ക്കോസ് (2003), ലീലാ മാരേട്ട് (2004), ചാക്കോ കോയിക്കലത്ത് (2005), പോള്‍ കറുകപ്പിള്ളില്‍ (2007), വര്‍ഗ്ഗീസ് പോത്താനിക്കാട് (2008, 2018), വിനോദ് കെയാര്‍ക്കെ (2009), വിന്‍സെന്റ് സിറിയക്ക് (2010, 2019, 2020), സണ്ണി പണിക്കര്‍ (2011), വര്‍ഗ്ഗീസ് ലൂക്കോസ് (2013), തോമസ് ശാമുവേല്‍ (2015), ഡോ. ജേക്കബ് തോമസ് (2016), വര്‍ഗ്ഗീസ് കെ ജോസഫ് (2021), പോള്‍ പി ജോസ് (2022), ഫീലിപ്പോസ് കെ ജോസഫ് (2023), സിബി ഡേവിഡ് (2024) എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും, പുതിയ ഉദ്യമത്തെ പ്രശംസിച്ച് എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു.

മെയ് 3 (ശനിയാഴ്ച)ന് വൈകിട്ട് 6 മണിക്ക് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും വിഷു-ഈസ്റ്റര്‍ ആഘോഷത്തോടുമനുബന്ധിച്ച് പ്രസിഡന്റ്സ് ഫോറം രൂപീകരണം ഔദ്യോഗികമായി നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: (1) സജി എബ്രഹാം, പ്രസിഡന്റ് (9176173959); (2) മാത്യുക്കുട്ടി ഈശോ, സെക്രട്ടറി (5164558596); (3) വിനോദ് കെയാര്‍ക്കെ, ട്രഷറര്‍ (5166335208).

More Stories from this section

family-dental
witywide