മരണ സർട്ടിഫിക്കറ്റ് ചോദിച്ച് ഹൈക്കോടതി ‘മരണമല്ല, സമാധി’യെന്ന് കുടുംബം! ദുരൂഹ സമാധി പൊളിക്കലിന് സ്റ്റേ ഇല്ല

കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണമല്ല, സമാധി ആണെന്നായിരുന്നു കുടുംബത്തിന്റെ മറുപടി. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇത് അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതില്‍ ഇടപെടാന്‍ കോടതിയ്ക്ക് ആകില്ല. പൊതുസമൂഹത്തില്‍ നിന്ന് ഒരാളെ കാണാതായാല്‍ അയാള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതാണ് അവര്‍ ചെയ്യുന്നതെന്നും അത് സ്വാഭാവികനടപടി ക്രമങ്ങളാണെന്നും കോടതി പറഞ്ഞു.

മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സര്‍ക്കാര്‍ നടപടികള്‍ എല്ലാം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. നിലവിലുള്ള അന്വേഷണം തുടരാമെന്ന് പറഞ്ഞ ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം കലക്ടര്‍, ആര്‍ഡിഒ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

More Stories from this section

family-dental
witywide