നെയ്യാറ്റിൻകര: കല്ലറ തുറന്ന് പുറത്തെടുത്ത നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയെ വീണ്ടും സമാധിയിരുത്തി. ‘ഋഷി പീഠം’ എന്നാണ് പുതിയ സമാധി സ്ഥലത്തിന് പേര് നൽകിയിട്ടുള്ളത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതിന് പിന്നാലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാമജപയാത്രയായി വീട്ടിലെത്തിച്ചാണ് സമാധിയിരുത്തിയത്. മതാചാര്യന്മാരുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടാണ് പുതിയ സമാധി സ്ഥലം നിർമിച്ചത്.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപയാത്ര ആയാണ് മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്. സംസ്കാര ചടങ്ങിൽ വിഷ്ണുപുരം ചന്ദ്രശേഖരൻ അടക്കമുള്ള ഹിന്ദു സംഘടന നേതാക്കളും പങ്കെടുത്തു.
സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്ന് ഗോപന്റെ മകന്‍ സനന്തന്‍ പറഞ്ഞു. വൈകാരികമായി നടത്തിയ പ്രതികരണമാണത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്തന്‍ പറഞ്ഞു.